Skip to main content

22fk movie poster

 

പഴയ തലമുറയുടെ ആശയക്കുഴപ്പം പുതിയ തലമുറയിൽ തലതിരുവുകളായി പ്രത്യക്ഷപ്പെടും. അതു സ്വാഭാവികമായ പരിണാമമാണ്. അതിനുത്തരവാദികളായി പുതിയ തലമുറയെ പ്രതിക്കൂട്ടിൽ നിർത്തുന്നത് അനുചിതമാകും. അതുകൊണ്ടുതന്നെ സിബി മലയിൽ അനുഭവിക്കുന്ന വിമ്മിഷ്ടം അസ്ഥാനത്താണ്. അദ്ദേഹം പറയുന്നു, ന്യൂ ജനറേഷൻ സിനിമകൾ ജീവിതമൂല്യങ്ങളെ നിഷേധിക്കുന്നുവെന്ന്. സംസ്ഥാന ഹയർസെക്കൻഡറി എഡ്യൂക്കേഷൻ ഡയറക്ടറേറ്റ്, കൊച്ചി തേവരയിലെ എസ്.എച്ച്  സ്‌കൂൾ ഓഫ് കമ്മ്യൂണിക്കേഷനുമായി ചേർന്ന് സംഘടിപ്പിച്ച  ഹ്രസ്വചിത്ര ശിൽപ്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവേയാണ് സംവിധായകൻ സിബി മലയിൽ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

 

സിബി മലയിലിന്റെ അഭിപ്രായം  യാഥാർഥ്യം ഉൾക്കൊള്ളുന്ന പ്രസ്താവന തന്നെ. സംശയമില്ല. അതൊരു സ്വാഭാവിക പ്രക്രിയയാണെന്ന് അറിയണം. കാരണം സാമൂഹികമായ ചാലകശക്തികളുടെ പ്രവർത്തനം അവിടെ സംഭവിക്കുന്നു. അതേ  രാസപരിണാമങ്ങളുടെ വഴിയിലൂടെയാണ് അശ്ലീലങ്ങളുടേയും ആഭാസങ്ങളുടേയും ലേഹ്യവും കഷായവും പോലെയുള്ള ന്യൂജനറേഷൻ സിനിമകൾ. വിശേഷിച്ചും ചില സംവിധായകരുടേത്. എല്ലാ ന്യൂ ജനറേഷൻ സിനിമയും ഇത്തരത്തിലുള്ളതാണെന്ന് മുദ്ര കുത്തുന്നത് ശരിയല്ല. കാരണം പരീക്ഷണസ്വഭാവമുള്ളതും കലാമൂല്യമുള്ളതുമായ അപൂർവ്വം സിനിമകളും  ഈ വിഭാഗത്തിനിടയിലൂടെ കടന്നുപോകുന്നുണ്ട്.

 

മലയാള സിനിമ പ്രതിസന്ധി നേരിടുന്നു എന്നു മുറവിളി കേട്ടുകൊണ്ടിരുന്ന സമയത്താണ് ആ പ്രതിസന്ധിയെ ഇല്ലാതാക്കിക്കൊണ്ട് ന്യൂജനറേഷൻ സിനിമകൾ രംഗപ്രവേശം ചെയ്യുന്നത്. പ്രതിസന്ധി മൂത്തുനിന്ന സമയത്ത് നടനും സംവിധായകനുമായ ശ്രീനിവാസൻ  ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിച്ച ഒരു ഘടകം വേണ്ടവിധത്തിൽ പരിഗണിക്കപ്പെടാതെ പോയി. പല സിനിമാ നിർമ്മാതാക്കളും സംവിധായകരും ക്രമിനൽ പശ്ചാത്തലമുള്ളവരാണെന്നാണ് അന്ന് അദ്ദേഹം പരസ്യമായി നടത്തിയ പ്രസ്താവന. സാങ്കേതികമായി വന്ന മാറ്റത്തിന്റെ കാലഘട്ടവും മലയാള സിനിമയെ പ്രതിസന്ധിയിലാക്കിയ ഘടകങ്ങളുമാണ്  ആ സാഹചര്യത്തെ സൃഷ്ടിച്ചത്. കൊലപാതകങ്ങളും സകല തെമ്മാടിത്തരങ്ങളും (അടൂർ ഗോപാലകൃഷ്ണന്റെ ഭാഷയിൽ പറഞ്ഞാൽ ഊച്ചാളിത്തരങ്ങൾ) കാണിക്കുന്ന ഹീറോമാരെ മഹത്വവൽക്കരിച്ചുകൊണ്ടുള്ള സിനിമകളാണ് മലയാളസിനിമയിൽ പ്രതിസന്ധി  സൃഷ്ടിച്ചത്. ചില ക്രിമിനലുകൾ തങ്ങൾക്ക് സാമൂഹികമായി അംഗീകാരം കിട്ടാൻ തങ്ങളുടെ ജീവതകഥകളോട് ചേർന്നു നിൽക്കുന്ന കഥ സിനിമകളാക്കി സായൂജ്യമടയാനും ശ്രമിച്ചു. സൂപ്പർഹീറോകളാണ് വൃത്തികേടുകൾ കാണിക്കുന്നതെങ്കിൽ അത്  ഹീറോയിസമാക്കി  വാഴ്ത്തപ്പെടുന്ന അവസ്ഥയിലേക്ക് പഴയ ജനറേഷൻ സിനിമ മലയാള സിനിമയെ കൊണ്ടെത്തിച്ചു. ആ കാലഘട്ടത്തിലാണ് യഥാർഥത്തിൽ മലയാള സിനിമയിലെ മൂല്യങ്ങളുടെ പൊളിച്ചടുക്കല്‍ നടന്നത്.

 

സമാന്തരമായി സമൂഹത്തിലും ഇതേ പ്രക്രിയ സംഭവിക്കുകയായിരുന്നു. അശ്ലീലവും ആഭാസവും, ഉല്ലാസവും ആഘോഷവുമായി മാറുന്ന സമവാക്യം. ജീവിതം എന്നും രണ്ടു ദിശകളെ പിൻപറ്റിയാകും മുന്നോട്ടു നീങ്ങുക. ഒന്ന്, മൂല്യങ്ങളുടെ പിൻബലത്തിൽ. പാട്ടിന് ശ്രുതി എന്ന പോലെ. രണ്ട്, ശ്രുതിയില്ലാത്ത തട്ടുപൊളിപ്പൻ പ്രകടനം. അതുകാണുമ്പോൾ, ശ്രുതിയുടെ ആവശ്യമില്ലെന്ന് കാണുന്നവർക്കും അവതരിപ്പിക്കുന്നവർക്കും തോന്നും. അപ്പോൾ സകലവിധ വൈകൃതങ്ങളും അരങ്ങേറും.  അത് വാക്കിലും ദൃശ്യങ്ങളിലും പ്രതിഫലിക്കും. അപ്പോൾ പ്രാണന്റെ വിസ്മയക്കാഴ്ചകൾ കലയിലൂടെ അനാവരണം ചെയ്യപ്പെടേണ്ടിടത്ത് അപാനന്റെ റിയാലിറ്റിഷോയും അന്നപൂർണ്ണമാവേണ്ട വേളകളിൽ അമേദ്യാഭിഷേകവും നടക്കും. ആത്യന്തികമായി  ഇതിലൊന്നും ശരിതെറ്റുകളില്ല. എന്നാൽ പ്രായോഗിക ജീവിതത്തിൽ അത് പ്രധാനമാണ്.  ശുദ്ധ-അശുദ്ധ വായുപോലെ. അവിടെയാണ് സുഗന്ധത്തിന്റെയും ദുർഗന്ധത്തിന്റെയും പ്രസക്തി. ചിലർക്ക് ദുർഗന്ധത്തിനോട് താൽപ്പര്യം തോന്നാം. അതൊരുപക്ഷേ സുഗന്ധത്തിന്റെ സൗരഭ്യം അറിയാൻ കഴിയാതെ വന്നതിലുള്ള അപാകത കൊണ്ടാവാം. അവർക്കത് ലഭ്യമാക്കേണ്ടിയിരുന്നത് അവരുടെ മുൻതലമുറയുടെ ഉത്തരവാദിത്വം. 

 

ഇവിടെ ന്യൂ ജനറേഷൻകാരേയോ പഴയ ജനറേഷൻകാരേയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അസഭ്യങ്ങളെ സഭ്യമാക്കാൻ ന്യൂജനറേഷൻ ശ്രമിക്കുന്നത് അവർ മൂല്യങ്ങളെ പേടിക്കുന്നതുകൊണ്ടാണ്. കാരണം മൂല്യങ്ങൾക്കനുസരിച്ചുള്ള ജീവിതം അരോചകവും അസാധ്യവുമെന്ന് അവർ കാണുന്നു. അതിലേക്ക് എത്തിച്ചേരാൻ കഴിയാതെ വരുമ്പോൾ പാവങ്ങൾ കാണുന്ന കുറുക്കുവഴികളുടെ പ്രതിഫലനങ്ങളാണ് അസഭ്യതയെ സഭ്യമാക്കി മാറ്റുക എന്നത്. നൊബേൽ ജേതാവായ ഇന്ത്യയിലെ ഒരു സ്ഥാനപതിയുടെ ഭാര്യയ്ക്ക് ദില്ലിയിൽ വർഷങ്ങൾക്കു മുൻപ്  സ്ത്രീകളുടെ  ഒരു സംഘടന സ്വീകരണം നൽകുകയുണ്ടായി. ഒടുവിൽ ചോദ്യോത്തരം. അതിൽ ഒരു വനിതാ പ്രതിനിധി അവരോടു ചോദിച്ചു, മാഡം താങ്കളുടെ രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നമായിരുന്നല്ലോ  വേശ്യാവൃത്തി.  അത് ഒരളവോളമെങ്കിലും പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ടോ? ഉവ്വ് എന്നായിരുന്നു മറുപടി. എങ്ങനെ സാധിച്ചു എന്നായിരുന്നു അടുത്ത ചോദ്യം. ഉത്തരവും ഉടനടി വന്നു. 'ഞങ്ങൾ അതിനെ സാർവ്വത്രികമാക്കി'. ഏതാണ്ട് മിക്ക മൂല്യങ്ങളേയും  പിഴുതെറിഞ്ഞ് അവയുടെ കാര്യത്തിൽ ഇത്തരത്തിലൊരു സാർവ്വത്രീകരണത്തിലാണ് ന്യൂജനറേഷൻ സിനിമയിലെ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നത്. പുതിയ കാലത്തിനൊപ്പമാണ് എന്ന് മറ്റുള്ളവരെ ധരിപ്പിച്ച് സായൂജ്യമടയാനും ഉദരംഭരണം നടത്താനും ശ്രമിക്കുന്ന ചില മാധ്യമപ്രവർത്തകരും മാധ്യമങ്ങളും ഇവർക്ക് ജയ് വിളിക്കുന്നത് തൽക്കാലത്തേക്ക് ആശ്വാസം പകരുന്നുണ്ടാവും. കുറച്ചഴുകട്ടെ. അത് നല്ല ജൈവവളമാണ്. അതിൽ നിന്ന് സുഗന്ധവാഹികളായ നല്ല സിനിമ മുളച്ച് തളച്ച് വളരും.  സംശയം വേണ്ട. അതിനാൽ ഊഷരപ്രതിസന്ധിയേക്കാൾ നല്ലത് ന്യൂജനറേഷൻ അഴുകൽ തന്നെ.