Skip to main content
ന്യൂഡല്‍ഹി

പശ്ചിമഘട്ട സംരക്ഷണത്തിനു വേണ്ടി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നടപടികള്‍ ആരംഭിച്ചു. പശ്ചിമഘട്ടത്തിലെ 60000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പാരിസ്ഥിതിക ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഉടന്‍ പുറത്തിറക്കും. ഗാഡ്ഗില്‍ - കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ തീരുമാനം.

 

പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളില്‍ ഖനനവും ക്വാറികളുടെ പ്രവര്‍ത്തനവും തടയും. ഈ പ്രദേശത്ത് പാറപൊട്ടിക്കല്‍, മലിനീകരണമുണ്ടാക്കുന്ന വ്യവസായ ശാലകളുടെ പ്രവര്‍ത്തനം, താപവൈദ്യുത നിലയങ്ങള്‍ എന്നിവയൊന്നും അനുവദിക്കില്ല. ഏതു തരത്തിലുള്ള മറ്റ് പദ്ധതികള്‍ക്കും ഗ്രാമസഭകളുടെ മുന്‍കൂര്‍ അനുമതിയും വേണ്ടി വരും. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ മുഴുവന്‍ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. എന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരമാണ് പുതിയ ഉത്തരവ്.

 

ഉത്തരവ് യാഥാര്‍ത്ഥ്യമാവുന്നതോടെ നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ ആതിരപ്പള്ളി പദ്ധതിക്കും കര്‍ണാടകയിലെ ഗുണ്ഡിയ പദ്ധതിക്കും ഉടന്‍ അനുമതി ലഭിക്കില്ല. ഇവയ്ക്കായി പുതിയ പദ്ധതി റിപ്പോര്‍ട്ടും അപേക്ഷയും സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായങ്ങള്‍ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം.

 

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. സുപ്രീം കോടതിയുടെ ഈ പരാമര്‍ശത്തിനെതിരെ  പാര്‍ലമെന്റ് പ്രകടനം ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ നടത്താന്‍ ഇടുക്കിയിലെ കട്ടപ്പനയില്‍ ചേര്‍ന്ന സര്‍വ്വ കക്ഷി യോഗത്തില്‍ തീരുമാനമായി. 2011 ആഗസ്തിലാണ് ഗാഡ്ഗില്‍ കമ്മിറ്റി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. പശ്ചിമഘട്ടം മുഴുവനും പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കണമെന്ന് നിര്‍ദേശിക്കുന്നതാണ് റിപ്പോര്‍ട്ട്.