തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ പമ്പുകള്‍ വഴി ഡീസലടിക്കാന്‍ കെ.എസ്.ആര്‍.ടി.സി. യ്ക്ക് മന്ത്രിസഭയുടെ അനുമതി. സബ്‌സിഡി നിര്‍ത്തലാക്കിയതിനെ തുടര്‍ന്നുള്ള പ്രതിസന്ധിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് നടപടി. കെ.എസ്.ആര്‍.ടി.സി.ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
വന്‍കിട ഉപഭോക്താക്കള്‍ക്ക് സബ്സിഡി നല്‍കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് സാധാരണ വിലയെക്കാളും 14 രൂപയിലധികം നല്‍കിയാണ് കെ.എസ്.ആര്‍.ടി.സി ഇപ്പോള്‍ ഡീസലടിക്കുന്നത്. പ്രതിമാസം 90 കോടി രൂപയുടെ നഷ്ടമാണ് ഇത് മൂലം നേരിടുന്നത്. ഇതിനെ തുടര്‍ന്നാണ് പ്രതിസന്ധി പരിഹരിക്കാനുള്ള വഴികള്‍ നിര്‍ദ്ദേശിക്കാന്‍ ചീഫ് സെക്രട്ടറി ജോസ് സിറിയക് അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്.
സബ്‌സിഡി നിര്‍ത്തലാക്കിയതിനെ തുടര്‍ന്നുള്ള നഷ്ടം നികത്താന്‍ രണ്ട് തവണയായി 56 കോടി രൂപ കോര്‍പ്പറേഷന് നല്‍കാന്‍ നേരത്തേ മന്ത്രിസഭ തീരുമാനിച്ചിരുന്നു. സമ്മര്‍ദിത പ്രകൃതി വാതകം (സി.എന്‍.ജി.) ഇന്ധനമായി ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെങ്കിലും ഇതിനായി 100 കോടി രൂപ മാത്രമാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. കോര്‍പ്പറേഷന്റെ ആറായിരത്തോളം ബസ്സുകളില്‍ സി.എന്‍.ജി. കിറ്റ് ഘടിപ്പിക്കണമെങ്കില്‍ മാത്രം 240 കോടിയോളം രൂപ വേണം. പ്ലാന്റുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സ്ഥാപിക്കുന്നതിന് 1,500 കോടി രൂപയോളം ചെലവാകും. ഈ സാഹചര്യത്തിലാണ്, സി.എന്‍.ജി. യാഥാര്‍ഥ്യമാകുന്നതുവരെ കെ.എസ്.ആര്‍.ടി.സി.ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് മന്ത്രിസഭ ധനവകുപ്പിനോട് ശുപാര്‍ശ ചെയ്തത്.