ന്യൂഡല്‍ഹി: ആദ്യ ലേലത്തില്‍ ആവശ്യക്കാര്‍ ഇല്ലാതിരുന്ന 2ജി സ്പെക്ട്രം സിഡിഎംഎ പുനര്‍ലേലത്തില്‍ പങ്കെടുത്തത് ഒരേയൊരു കമ്പനി. തിങ്കളാഴ്ച അവസാനിച്ച രണ്ടാംഘട്ട ലേലത്തില്‍ 2ജി സ്‌പെക്ട്രം ലൈസന്‍സുകള്‍ 3,639 കോടി രൂപയ്ക്ക് റഷ്യന്‍ കമ്പനിയായ സിസ്‌റ്റെമയുടെ ഇന്ത്യന്‍ ഘടകമായ സിസ്റ്റെമ ശ്യാം ടെലിസര്‍വീസസ് ലിമിറ്റഡ് (എസ്.എസ്.ടി.എല്‍.) സ്വന്തമാക്കി. പുനര്‍ലേലത്തിലൂടെ 19,400 കോടി രൂപയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.
എട്ടു ടെലികോം സര്‍ക്കിളുകളിലായി 24 ബ്ലോക്കുകളാണ് ലേലത്തില്‍ എസ്.എസ്.ടി.എല്‍. വാങ്ങിയത്. അഴിമതി കണ്ടെത്തിയതിനെത്തുടര്‍ന്ന് എ. രാജയുടെ കാലത്ത് അനുവദിച്ച 122 ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കുകയും പുനര്‍ലേലത്തിന് ഉത്തരവിടുകയുമായിരുന്നു. റദ്ദാക്കിയവയില്‍ എസ്.എസ്.ടി.എല്ലിന്റെ 21 ലൈസന്‍സുകളും ഉള്‍പ്പെട്ടിരുന്നു.
ലേലം തുടങ്ങാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വില അധികമാണെന്നാരോപിച്ച് അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സും ടാറ്റാ ടെലിസര്‍വീസസും ഉള്‍പ്പെടെയുള്ള 12 പ്രധാന കമ്പനികള്‍ ലേലത്തില്‍ പങ്കെടുത്തില്ല. നവംബറില്‍ നടന്ന ആദ്യ ലേലത്തില്‍ 27,000 കോടി ലക്ഷ്യമിട്ടിടത്ത് 9407 കോടിയാണ് ലഭിച്ചത്. 2010ല്‍ 3ജി സ്പെക്ട്രം ലേലത്തില്‍ 11 കമ്പനികളാണ് പങ്കെടുത്തത്. 183 റൗണ്ടുകള്‍ നീണ്ട ലേലം 34 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.