ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതോടെ യു.എസ്സിലെ സാമ്പത്തിക പ്രതിസന്ധി നാലാം ദിവസവും തുടരുന്നു. ‘ഒബാമ കെയര്‍’ എന്നാ ആരോഗ്യ രക്ഷാ പദ്ധതിയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി തയ്യാറാവത്തതാണ് യു.എസ്സില്‍ പ്രതിസന്ധി സൃഷ്ടിച്ചത്. പത്തുലക്ഷത്തിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളമില്ലാത്ത അവധിയില്‍ പോകേണ്ടിവന്നതിനും നിലവിലെ സാമ്പത്തികപ്രതിസന്ധിക്കും പിന്നില്‍ വീണ്ടുവിചാരമില്ലാത്ത പ്രതിപക്ഷ നിലപാടുകളാണെന്നും യു.എസ് പ്രസിഡന്റ് ബരാക് ഒബാമ കുറ്റപ്പെടുത്തി.
നാല് ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ഒബാമയുടെ യാത്ര ഇതുമൂലം മാറ്റിവച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ അമേരിക്കയുടെ സുരക്ഷാ ഏജന്‍സിയായ എന്‍.എസ്.എയിലും അത് പ്രതിഫലിച്ചു. നാഷനല്‍ സെക്യൂരിറ്റി ഏജന്‍സിയിലെ ചില ഉദ്യോഗസ്ഥരോട് തല്‍ക്കാലം ജോലി മതിയാക്കി മടങ്ങാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിനായി യു.എസ് കൊണ്ഗ്രസ്സിലെ നേതാക്കളുമായി ഒബാമ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയംഗമായ ജനപ്രതിനിധിസഭാ സ്പീക്കര്‍ ജോണ്‍ ബോനര്‍, സെനറ്റ് നേതാവ് മിച്ച് മക്കോണെല്‍, ഡെമോക്രാറ്റിക് പാര്‍ട്ടിനേതാക്കള്‍ എന്നിവരുടെ യോഗമാണ് ഒബാമ വിളിച്ചത്.
സര്‍ക്കാറിന്റെ ചെലവുകൾക്കായുള്ള പണം ചിലവഴിക്കാന്‍ അനുവാദം നല്‍കുന്ന ബില്‍ പാസാക്കാനാവാതെ വന്നതോടെയാണ് യു.എസ് സര്‍ക്കാര്‍ സ്തംഭിച്ചത്. ചെലവിനുള്ള പണം കണ്ടെത്തുന്നതിനുള്ള പദ്ധതിയെ ചൊല്ലി ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻ അംഗങ്ങളും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയാണ് ഇതിനിടയാക്കിയത്.