യു.എസ്സില്‍ സാമ്പത്തിക ആടിയന്തരാവസ്ഥ തുടരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചതോടെ എട്ട് ലക്ഷത്തിലധികം സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദീര്‍ഘ വീക്ഷണമില്ലായ്മയാണ് രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുളള കാരണമെന്ന് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. സര്‍ക്കാരിനോടുളള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മനോഭാവം മാറണമെന്നും രാജ്യത്തെ സാധാരണ ഗതിയിലേക്ക് നയിക്കാന്‍ സഹായിക്കണമെന്നും ഒബാമ അഭ്യര്‍ത്ഥിച്ചു.
സര്‍ക്കാറിന്റെ ചെലവുകൾക്കായുള്ള പണം ചിലവഴിക്കാന്‍ അനുവാദം നല്‍കുന്ന ബില്‍ പാസാക്കാനാവാതെ വന്നതോടെയാണ് യു.എസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം വൈറ്റ് ഹൗസില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് ബരാക് ഒബാമ റിപ്പബ്ലിക്കന്‍ അംഗങ്ങളെ കുറ്റപ്പെടുത്തിയത്. ആരോഗ്യ രക്ഷാ പദ്ധതിയുടെ ഗുണഫലങ്ങള്‍ മനസ്സിലാക്കി സഹകരിക്കണമെന്നും സര്‍ക്കാരിനെ മുന്നോട്ട് നയിക്കാന്‍ സഹായിക്കണമെന്നും ഒബാമ പറഞ്ഞു.
എന്നാല്‍ തങ്ങളുടെ നിലപാടില്‍ വിട്ടുവീഴ്ചക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇതുവരെയും തയ്യാറായില്ല. പ്രസിഡന്‍റ് ബരാക് ഒബാമയുടെ 1.9 ലക്ഷം കോടി രൂപയുടെ പദ്ധതിയായ ‘ഒബാമ കെയര്‍’ ആണ് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻ അംഗങ്ങള്‍ക്കുമിടയില്‍ ഭിന്നതക്ക് കാരണമായത്. പ്രശ്നപരിഹാരം കാണുന്നതിനായി യു.എസ് സെനറ്റ് യോഗം ചേര്‍ന്നെങ്കിലും ഫലമുണ്ടായില്ല.