Skip to main content
കൊച്ചി

കാശ്മീരിലേക്ക് യുവാക്കളെ ആയുധ പരിശീലനത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുമായി തിരഞ്ഞെടുത്ത കേസില്‍ തടിയന്റവിട നസീര്‍ അടക്കം 13 പേര്‍ കുറ്റക്കാരാണെന്ന് എന്‍.ഐ.എ പ്രത്യേക കോടതി. ഐ.എന്‍.എ പ്രത്യേക കോടതിയില്‍ ജഡ്ജിയായ എസ്.വിജയകുമാറാണ് കേസില്‍ ശിക്ഷ വിധിച്ചത്.

 

18 പ്രതികളിളുള്‍പ്പെട്ടകേസില്‍ അഞ്ചു പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. ദേശ വിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിനെതിരെ യുദ്ധം, അനധികൃതമായി ആയുധങ്ങള്‍ കയ്യില്‍ വെക്കല്‍ തുടങ്ങി വധശിക്ഷ വരെ ലഭിക്കാവുന്ന ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റക്കാര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും. കണ്ണൂര്‍ സ്വദേശിയായ അബ്ദുള്‍ ജലീലാണ് ഒന്നാം പ്രതി.

 

ലഷ്‌കര്‍ ഇ ത്വയിബയുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളും പ്രവര്‍ത്തിച്ചിരുന്നതായി എന്‍.ഐ.എ. ആരോപിച്ചിരുന്നു. മാത്രമല്ല പ്രതികള്‍ക്ക് പാകിസ്താന്‍ വഴി ലക്ഷങ്ങളുടെ ഫണ്ട് കിട്ടിയിരുന്നതായി എന്‍.ഐ.എ. കോടതിയില്‍ വ്യക്തമാക്കി. പ്രതികളായ നാല് മലയാളികള്‍ 2008 ഒക്‌ടോബറില്‍ കശ്മീരില്‍ വെച്ച് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. പ്രതികളായ പാക്‌സ്താന്‍കാരന്‍ വാലി എന്ന അബ്ദുള്‍ റഹിമാന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് സാബിര്‍ എന്നിവരെ പിടികൂടാനായില്ല. 2012-ല്‍ ആണ് കേസില്‍ വിചാരണ ആരംഭിച്ചത്.