ഡാറ്റ സെന്റര്‍ കൈമാറ്റക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. സിബിഐ അന്വേഷണം വേണമെന്ന് മന്ത്രിസഭാ തീരുമാനം മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍ കുമാര്‍ ഉള്‍പ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാടെടുത്തിരുന്നു. ഇതിനെതിരെ തിങ്കളാഴ്ച ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നതായാണ് സൂചന. കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്‌ണപിളളയുമാണ് പ്രധാനമായും വിമര്‍ശനമുയര്‍ത്തിയത്.
നേരത്തെ, ചീഫ് വിപ്പ് പി.സി ജോര്‍ജ്, കെ.മുരളീധരന്‍ എം.എല്‍.എ എന്നിവര്‍ സംസ്ഥാന സര്‍ക്കാറിന് വേണ്ടി അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിനെതിരെ രംഗത്ത് വന്നിരുന്നു. വ്യവഹാര ദല്ലാള്‍ ടി.ജി നന്ദകുമാറിന് വേണ്ടിയാണ് തീരുമാനം അട്ടിമറിച്ചത് എന്നായിരുന്നു ജോര്‍ജിന്റെ ആരോപണം. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് സംസ്ഥാന ഡാറ്റ സെന്റര്‍ നടത്തിപ്പ് റിലയന്‍സിന് കൈമാറിയത് അനധികൃതമായിരുന്നെന്നാണ് ആരോപണം.