Skip to main content
ബെയ്ജിങ്ങ്

mao portrait replaced in tiananmen

ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിലെ തിയനന്‍മന്‍ ചത്വരത്തില്‍ ഞായറാഴ്ച മുതല്‍ മാവോ സെതുങ്ങിന്റെ പുതിയ ഛായാചിത്രം. ഒക്ടോബര്‍ ഒന്നിന് ആചരിക്കുന്ന ചൈനീസ് ദേശീയ ദിനത്തിന് മുന്നോടിയായാണ് ചിത്രം മാറ്റി സമാനമായ മറ്റൊന്ന് സ്ഥാപിച്ചത്.

 

ചൈനീസ് ജനകീയ റിപ്പബ്ലിക് സ്ഥാപനത്തിന്റെ 64ാം വാര്‍ഷികമാണ് ചൊവാഴ്ച. കമ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളുടെ ഭരണ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമായിട്ടാണ് വാര്‍ഷികം ഉപയോഗപ്പെടുത്തുന്നത്. ഏറ്റവുമധികം ആഭ്യന്തര വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കാനെത്തുന്ന വേള കൂടിയായതിനാല്‍ തിയനന്‍മന്‍ ചത്വരമാണ് പ്രധാന ആഘോഷ കേന്ദ്രം.

 

ചൈനീസ് ചരിത്രത്തിലെ നിര്‍ണ്ണായക സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള  തിയനന്‍മന്‍ ചത്വരം ചൈനീസ് ഭരണകൂടത്തിന്റെ പ്രതീകം കൂടിയാണ്. ചിയാങ്ങ്‌ കൈഷക്കിന്റെ സേനകളെ പരാജയപ്പെടുത്തിയ ശേഷം മാവോ ജനകീയ റിപ്പബ്ലിക് സ്ഥാപനം പ്രഖ്യാപിച്ചത് ഇവിടെയാണ്‌. ഇതിന് സമീപത്തെ മുസോളിയത്തില്‍ മാവോയുടെ മൃതദേഹം സൂക്ഷിച്ചിട്ടുണ്ട്.

 

ഇരുപതാം നൂറ്റാണ്ടില്‍ ചൈന കണ്ട ഏറ്റവും വലിയ രണ്ട് ജനാധിപത്യ പ്രക്ഷോഭങ്ങളുടെ, 1919-ലും 1989-ലും, വേദി കൂടിയായിരുന്നു സ്വര്‍ഗ്ഗീയ സമാധാനത്തിന്റെ കവാടം എന്നര്‍ത്ഥമുള്ള തിയനന്‍മന്‍. ഇവിടത്തെ മാവോയുടെ ഛായാചിത്രം നീക്കണം എന്ന ആവശ്യം ചൈനീസ് വിമതര്‍ പലതവണ ഉന്നയിച്ചിട്ടുണ്ട്.