Skip to main content

സില്‍വര്‍ ലൈന്‍ പദ്ധതിയെ പൂര്‍ണ്ണമായി തള്ളാതെ സമസ്ത മുഖപത്രം സുപ്രഭാതം. കെ റെയില്‍ സംഘര്‍ഷവും ആശങ്കയും ഒഴിവാക്കണമെന്ന തലക്കെട്ടോട് കൂടിയാണ് സുപ്രഭാതത്തിന്റെ എഡിറ്റോറിയല്‍. കെ റെയില്‍ ഉപേക്ഷിക്കില്ലെന്നതില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുമ്പോള്‍ പദ്ധതിയെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള ധവളപത്രം ഇറക്കുന്നത് നല്ലതായിരിക്കുമെന്നും എഡിറ്റോറിയലില്‍ പറയുന്നു.

കെ റെയിലിലെ പൗരപ്രമുഖരുടെ യോഗത്തിലെ മുഖ്യമന്ത്രിയുടെ വിശദീകരണവും പ്രതിപക്ഷത്തിന്റെ ആശങ്കകളും എഡിറ്റോറിയലില്‍ വിശദീകരിക്കുന്നുണ്ട്. സി.പി.ഐ.യും ശാസ്ത്ര സാഹിത്യ പരിഷത്തും പദ്ധതി സംബന്ധിച്ച് ആശങ്ക അകറ്റണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി നാടിന് ആവശ്യമാണെന്ന് ജനങ്ങളെ സര്‍ക്കാര്‍ ബോധ്യപ്പെടുത്തണം. പദ്ധതിക്കെതിരെ കെ.പി.സി.സി അധ്യക്ഷന്‍ പ്രഖ്യാപിച്ച സമരം അക്രമത്തിലെത്തും. കോണ്‍ഗ്രസ് യുദ്ധസന്നാഹവുമായി എത്തിയാല്‍ അക്രമമുണ്ടാകും. ഈ സ്ഥിതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും എഡിറ്റോറിയല്‍ ആവശ്യപ്പെടുന്നു.