Skip to main content

പുതുവര്‍ഷത്തലേന്ന് മദ്യവുമായി പോയ വിദേശിയെ പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ച് അവഹേളിച്ചെന്ന ആക്ഷേപത്തില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പി അനില്‍കാന്ത് താഴെ തട്ടിലേക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പോലീസ് നടപടി ടൂറിസത്തിന് തിരിച്ചടിയാകുമെന്ന് പറഞ്ഞ മന്ത്രി മുഹമ്മദ് റിയാസ് സര്‍ക്കാരിന് ഒപ്പം നിന്ന് അള്ള് വെക്കുന്നവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയത്.

കോവളത്തെ സ്വകാര്യ ഹോട്ടലില്‍ നാലു വര്‍ഷമായി താമസിക്കുന്ന സ്വീഡന്‍ സ്വദേശി സ്റ്റീഫന്‍ ആസ്ബെര്‍ഗിനെ(68)യാണ് കോവളം പോലീസ് അവഹേളിച്ചെന്ന ആക്ഷേപമുണ്ടായത്. പരിശോധനയ്ക്കിടെ ബില്‍ ഇല്ലാതെ മദ്യം കൊണ്ടുപോകാന്‍ കഴിയില്ലെന്നു പോലീസ് പറഞ്ഞതോടെ സ്റ്റീവന്‍ രണ്ടു കുപ്പി മദ്യം റോഡില്‍ ഒഴുക്കി. തിരികെ പോയി ബില്ലുമായി വന്നശേഷമാണു മൂന്നാമത്തെ കുപ്പി കൊണ്ടു പോകാന്‍ പോലീസ് അനുവദിച്ചത്.