Skip to main content
നടിയെ ആക്രമിച്ച കേസില്‍ വീണ്ടും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചു. വിചാരണ കോടതി നടപടിയില്‍ പ്രതിഷേധിച്ചാണ് വി.എന്‍ അനില്‍ കുമാറിന്റെ രാജി. കേസില്‍ രാജിവെക്കുന്ന രണ്ടാമത്തെ പ്രോസിക്യൂട്ടറാണ് അനില്‍ കുമാര്‍. പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യങ്ങള്‍ കോടതി പരിഗണിക്കുന്നില്ലെന്ന് ആരോപിച്ചാണ് രാജി. വിചാരണ കോടതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നേരത്തെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ.സുകേശനും വിചാരണ കോടതി നടപടിയില്‍ പ്രതിഷേധിച്ച് രാജിവെച്ചിരുന്നു. 
 
സാക്ഷിപട്ടിക പൂര്‍ണമായും അംഗീകരിക്കാത്ത നിലയാണുള്ളതെന്നും 16 സാക്ഷികളെ പുനര്‍വിസ്താരണ നടത്തണമെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം കോടതിയുടെ പ്രതികൂല നിലപാടില്‍ പ്രതിഷേധിച്ച് പ്രോസിക്യൂട്ടര്‍ കോടതിയില്‍ നിന്നും ഇറങ്ങിപ്പോയ സാഹചര്യവുമുണ്ടായിരുന്നു.
 
നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചു എന്നതുള്‍പ്പെടെയുള്ള പുതിയ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നാണ് പോലീസിന്റെ ആവശ്യം.