Skip to main content

സ്ത്രീകളുടെ വിവാഹപ്രായം 18ല്‍ നിന്നും 21 ആക്കിയതില്‍ പ്രതിഷേധമുയര്‍ത്താന്‍ മുസ്ലിംലീഗ്. ഈ മാസം 22 ന് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. അതിന് മുന്നോടിയായി വിവാഹ പ്രായം ഉയര്‍ത്തിയതില്‍ പ്രതിഷേധമുള്ള മത സംഘടനകളുമായി കൂടിയാലോചനകള്‍ നടത്തും. രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായങ്ങളും വിലയിരുത്തും. ഇതിന് ശേഷമായിരിക്കും പ്രത്യക്ഷ സമര പരിപാടികളിലേക്ക് മുസ്ലിം ലീഗ് നീങ്ങുക.

മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നാണ് മുസ്ലിംലീഗ് നേതൃത്വത്തിന്റെ വാദം. വോട്ടവകാശം ഉള്‍പ്പെടെയുള്ള പ്രായം 18 ആകുകയും വിവാഹത്തിന് മാത്രം 21 ആക്കുന്നതില്‍ പ്രശ്നമുണ്ടെന്ന് നേതൃത്വം ചൂണ്ടിക്കാണിക്കുന്നു. മുസ്ലിം വ്യക്തി നിയമത്തിന് മേലുള്ള കടന്നു കയറ്റമായി ഇതിനെ ഉയര്‍ത്തിക്കാട്ടാനാണ് നേതൃത്വം ആലോചിക്കുന്നത്.

18 വയസ്സിന് മുമ്പുള്ള വിവാഹത്തെ യൂത്ത് ലീഗും എം.എസ്.എഫും ഹരിതയും നേരത്തെ എതിര്‍ത്തിരുന്നു. സമുദായ നേതാക്കളുമായി ഈ സംഘടനകളിലെ നേതാക്കള്‍ പരസ്യമായി തര്‍ക്കിച്ചിരുന്നു. ബാലവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നതായിരുന്നു യുവ നേതൃത്വത്തിന്റെ വിമര്‍ശനം. എന്നാല്‍ 21 വയസ്സാക്കിയതില്‍ യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമാകും.