Skip to main content

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരി ടൗണില്‍ ആര്‍.എസ്.എസിന്റെ പ്രതിഷേധ പ്രകടനം. മുന്നുറോളം പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് നഗരത്തില്‍ പ്രതിഷേധം നടത്തുന്നത്. വാടിക്കല്‍ ജംഗ്ഷന് സമീപത്ത് നിന്ന് ആരംഭിച്ച ജാഥ പോലീസ് തടഞ്ഞു. എസ്.ഡി.പി.ഐക്ക് എതിരായുള്ള പ്രതിഷേധ മാര്‍ച്ച് എന്ന നിലയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തലശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ച മുതല്‍ ആറ് ദിവസത്തേക്ക് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ആളുകള്‍ കൂട്ടം കൂടുന്നതിനും യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനും വിലക്കുണ്ട്. കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടിക്കിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 25 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

അഞ്ച് നേരം നിസ്‌കരിക്കാന്‍ പളളികളൊന്നും കാണില്ല. ബാങ്ക് വിളികളും കേള്‍ക്കില്ല, എന്നാണ് ബി.ജെ.പി സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത റാലിയില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍. പ്രകോപനപരമായ വിദ്വേഷ മുദ്രാവാക്യത്തെ ന്യായീകരിക്കുന്ന പ്രതികരണമാണ് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഭാഗത്ത് നിന്നുണ്ടായത്.