Skip to main content

കൊവിഡ് വാക്സിന്‍ സ്വീകരിക്കാത്ത അധ്യാപകരുടെ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വാക്സിനെടുക്കാത്ത അധ്യാപകരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ പുറത്തുവിടുമെന്നാണ് മന്ത്രി പറഞ്ഞത്. രാജ്യം ഒമിക്രോണ്‍ ജാഗ്രതയില്‍ തുടരുന്ന പശ്ചാത്തലത്തില്‍ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് സാധ്യമായത് എല്ലാം ആരോഗ്യവകുപ്പുമായി ചേര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ഏത് നിലയില്‍ എത്രപേര്‍ വാക്സിന്‍ എടുത്തില്ല എന്നറിയാന്‍ സമൂഹത്തിന് അവകാശമുണ്ട്. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉത്തരവായി വരുന്ന പക്ഷം വിദ്യാഭ്യാസ വകുപ്പ് മറ്റ് നടപടികളിലേക്ക് കടക്കും.

നേരത്തെ വാക്സിനെടുക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓഫീസിലെത്താന്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. വാക്സിനെടുക്കാന്‍ കഴിയാത്തവര്‍ എന്തുകൊണ്ട് എന്നതുകള്‍പ്പെടെ ഡോക്ടറുടെ കുറിപ്പ് കൈമാറണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

ഒമിക്രോണ്‍ രാജ്യത്ത് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കടുത്ത ജാഗ്രതയാണ് സംസ്ഥാനത്ത് തുടരുന്നത്. വാക്സിനേഷന്‍ സ്വീകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ ഉള്‍പ്പെടെ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.