Skip to main content

മോഫിയ പര്‍വീണിന്റെ ആത്മഹത്യ കേസില്‍ സിഐ സുധീറിനെ പ്രതികൂട്ടിലാക്കി പോലീസ് എഫ്.ഐ.ആര്‍. മോഫിയയുടെ മരണത്തിലേക്ക് നയിച്ചത് സി.ഐ സുധീറിന്റെ പെരുമാറ്റമാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. മോഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ആരോപണ വിധേയനായ സി.ഐ സുധീറിനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. സുധീറിന്റെ നടപടികളില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസി.കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.

വിവാഹ സംബന്ധമായി ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ പരാതി പരിഹരിക്കുന്നതിനാണ് ഇരു കൂട്ടരേയും ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. സംസാരത്തിനിടെ ദേഷ്യം വന്ന് മോഫിയ ഭര്‍ത്താവ് സുഹൈലിന്റെ കരണത്തടിച്ചു. ഇതുകണ്ട സി.ഐ സുധീര്‍ കയര്‍ത്തു സംസാരിച്ചു. ഒരിക്കലും സി.ഐയില്‍ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമം ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ഉച്ചയ്ക്ക് 12നും വൈകുന്നേരം ആറ് മണിക്ക് ഇടയ്ക്കുള്ള സമയത്താണ് മോഫിയ ആത്മഹത്യ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്.ഐ.ആറിലാണ് സി.ഐ സുധീറിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര പിഴവുകള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.