Skip to main content

ആലുവയില്‍ ആത്മഹത്യ ചെയ്ത മോഫിയയുടെ വീട്ടിലെത്തി വ്യവസായവകുപ്പ് മന്ത്രി പി.രാജീവ്. മോഫിയയുടെ പിതാവിനോട് മുഖ്യമന്ത്രി സംസാരിച്ചെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പുനല്‍കിയെന്നും പി.രാജീവ് പറഞ്ഞു. മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ചത്. സി.ഐ സുധീറിനെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് മോഫിയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. 

പി.രാജീവ് പറഞ്ഞത്;

കുടുംബാംഗങ്ങളുമായി നേരത്തെ സംസാരിച്ചിരുന്നു. മുഖ്യമന്ത്രി നേരിട്ടു തന്നെ കുടുംബവുമായി സംസാരിക്കുകയുണ്ടായി. കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ നേരിട്ട് തന്നെ മുഖ്യമന്ത്രി ബന്ധപ്പെടാമെന്ന് പറയുകയുണ്ടായി. ഈ കുടുംബത്തോടും അവരുടെ വികാരത്തോടുമൊപ്പമാണ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. സി.ഐ.യുടെ സസ്പെന്‍ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. തെറ്റ് ചെയ്തവരോട് അനുഭാവപൂര്‍ണമായ സമീപനം സര്‍ക്കാര്‍ സ്വീകരിക്കില്ല.

കേസില്‍ വ്യാഴാഴ്ച പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഭര്‍തൃവീട്ടില്‍ മോഫി നേരിട്ടത് ക്രൂര പീഡനമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അടിമയെ പോലെയാണ് മോഫിയയെ കൊണ്ട് ജോലി ചെയ്യിപ്പിച്ചിരുന്നതെന്നും ഭര്‍തൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതത്തിന് അടിമയാണ്. ഇയാള്‍ മോഫിയയുടെ ശരീരത്തില്‍ പല തവണ മുറിവേല്‍പ്പിച്ചിരുന്നു. സ്ത്രീധനമായി സുഹൈലിന്റെ കുടുംബം 40 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.