Skip to main content

ഗാര്‍ഹിക പീഡന പരാതി നല്‍കിയ എല്‍.എല്‍.ബി. വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയനായ സി.ഐ ഇന്നും ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തി. സി.ഐ സുധീറിനെതിരായ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നാണ് പോലീസിന്റെ വാദം. ആരോപണ വിധേയനായ സി.ഐയെ മാറ്റണമെന്നാവശ്യപ്പെട്ട് ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.

സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് മാറ്റി സി.ഐ സുധീറിനെതിരെ നടപടി എടുക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. രാഷ്ട്രീയ ബന്ധത്തിന്റെ പേരിലാണ് സി.ഐ ഇപ്പോഴും തുടരുന്നത്. സ്റ്റേഷന്‍ ചുമതലകളില്‍ മാറ്റിയെന്ന് പറഞ്ഞത് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

മൊഫിയയുടെ മരണത്തില്‍ ഭര്‍ത്താവ് സുഹൈലിനേയും മാതാപിതാക്കളേയും ഇന്ന് പുലര്‍ച്ചയോടെ കസ്റ്റഡിയിലെടുത്തിരുന്നു. ആലുവ ഈസ്റ്റ് സ്റ്റേഷനിലാണ് നിലവില്‍ പ്രതികളുള്ളത്. ഇവിടെ തന്നെയാണ് സി.ഐ സുധീറും ഉള്ളത്. സി.ഐ അടക്കം നാല് പ്രതികള്‍ ഇപ്പോള്‍ സ്റ്റേഷനിലുണ്ടെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ ആരോപിച്ചു. ഇതിനിടെ ഡി.വൈ.എസ്.പി അടക്കമുള്ള ഉദ്യോഗസ്ഥരും ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്.