Skip to main content

ആലുവയില്‍ ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് എല്‍.എല്‍.ബി വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും കുടുംബവും കസ്റ്റഡിയില്‍. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവരെ അര്‍ധരാത്രിയോടെയാണ് പിടികൂടിയത്. ഭര്‍ത്താവ് സുഹൈല്‍, ഭര്‍ത്താവിന്റെ അച്ഛന്‍, അമ്മ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ആലുവ കീഴ്മാട് എടയപ്പുറം കക്കാട്ടില്‍ പ്യാരിവില്ലയില്‍ മൊഫിയ പര്‍വീണ്‍ ചൊവ്വാഴ്ച വൈകീട്ട് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചത്. കെ. ദില്‍ഷാദിന്റെയും ഫാരിസയുടെയും മകളാണ്. ഭര്‍ത്താവിനെതിരേയും ഭര്‍ത്തൃവീട്ടുകാര്‍ക്കെതിരേയും ആലുവ സി.ഐ. സി.എല്‍. സുധീറിനെതിരേയും ഗുരുതര ആരോപണങ്ങളുമായി മൊഫിയ എഴുതിയ കുറിപ്പും കണ്ടെടുത്തിരുന്നു.

ഭര്‍ത്താവിന്റെയും ഭര്‍ത്തൃവീട്ടുകാരുടെയും പീഡനത്തെ സംബന്ധിച്ച് മൊഫിയ ഒരുമാസം മുന്‍പ് ആലുവ റൂറല്‍ എസ്.പി.ക്ക് പരാതി നല്‍കി. ചൊവ്വാഴ്ച ആലുവ സി.ഐ.യുടെ സാന്നിധ്യത്തില്‍ ഇരു വീട്ടുകാരുമായും മധ്യസ്ഥ ചര്‍ച്ച നടത്തുകയും ചെയ്തു. ഇതിനിടയില്‍ സി.ഐ. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തുവെന്ന് വീട്ടുകാര്‍ പറയുന്നു. പോലീസ് സ്റ്റേഷനില്‍ നിന്ന് മടങ്ങിവന്ന യുവതി ഒറ്റയ്ക്കിരിക്കണമെന്ന് പറഞ്ഞ് മുറിയില്‍ കയറി കതകടച്ചു. വീട്ടുകാര്‍ വിളിച്ചിട്ടും തുറക്കാതായതോടെ ജനല്‍ വഴി നോക്കിയപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.  തൊടുപുഴ അല്‍ അസര്‍ കോളേജിലെ മൂന്നാം വര്‍ഷ എല്‍എല്‍.ബി. വിദ്യാര്‍ഥിയാണ് മൊഫിയ.