Skip to main content

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.40 അടിയായി ഉയര്‍ന്നു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണിത്. വൃഷ്ടിപ്രദേശത്ത് തിങ്കളാഴ്ച കനത്ത മഴ പെയ്തതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഇതിന്റെ പശ്ചാത്തലത്തില്‍ അണക്കെട്ടിലെ ഒരു സ്പില്‍വെ ഷട്ടര്‍ ചൊവ്വാഴ്ച രാവിലെ തുറന്നു.

തിങ്കളാഴ്ചയാണ് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ അടച്ചത്. കൃത്യം 24 മണിക്കൂറിനുശേഷം അണക്കെട്ടിന്റെ ഒരു ഷട്ടര്‍ വീണ്ടും തുറക്കേണ്ടിവന്നു. വി3 ഷട്ടറാണ് ഉയര്‍ത്തിയത്. 30 സെന്റീമീറ്റര്‍ ഉയര്‍ത്തി 397 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. അണക്കെട്ട് തുറന്ന പശ്ചാത്തലത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, എന്നാല്‍ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.