കെ.എസ്.ആര്‍.ടി.സിയുടെ ഡീസല്‍ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി സിവില്‍ സപ്ലൈസില്‍ നിന്ന് സബ്സിഡി നിരക്കില്‍ ഡീസല്‍ വാങ്ങാന്‍ ശ്രമിക്കുമെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇതിനായി കെ.എസ്.ആര്‍..ടി.സിയുടെ ഉടമസ്‌ഥതയിലുളള 67 പമ്പുകള്‍ സിവില്‍ സപ്ലൈസിനു വാടകയ്‌ക്ക് നല്‍കുമെന്ന് എണ്ണക്കമ്പനി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷം മന്ത്രി പറഞ്ഞു. സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിവില്‍ സപ്ലൈസിന് വാടകയ്‌ക്ക് നല്‍കുന്ന പമ്പുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.. ഇതിനായി കമ്പനികള്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടും. ലൈസന്‍സ് ലഭിക്കുന്നതുവരെയുണ്ടാവുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഈ മാസം 20-തിനു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കില്ല. ആനുകൂല്യം നല്‍കുന്നതില്‍ തടസ്സമുണ്ടാവില്ല പെന്‍ഷന്‍ മുടങ്ങില്ല തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് ഉടന്‍ തീരുമാനമാവുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധിയ്ക്ക് സര്‍ക്കാരിന്റെ ഇടപെടലിലൂടെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും ആര്യാടന്‍ മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
അതേസമയം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കെ.എസ്.ആര്‍.ടി.സിയുടെ ഡീസല്‍ വില എണ്ണ കമ്പനികള്‍ കുത്തനെ കൂട്ടിയിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സിക്കുള്ള ഡീസല്‍ വില ലിറ്ററിന് 19.39 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഒരു ലിറ്റര്‍ ഡീസല്‍ ലഭിക്കണമെങ്കില്‍ 73.26 രൂപ നല്‍കണം. ഡീസല്‍ സബ്‌സിഡി നിര്‍ത്തലാക്കാനുള്ള എണ്ണകമ്പനികളുടെ തീരുമാനം സുപ്രീം കോടതി ശരിവെച്ചതോടെയാണ് കെ.എസ്.ആര്‍.ടി.സി കടുത്ത പ്രതിസന്ധിയിലായത്.