Skip to main content

ഇന്ധന നികുതിയില്‍ ഇളവ് നല്‍കാനാകില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇന്ധന നികുതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കുറച്ചതിന് ആനുപാതികമായ കുറവ് കേരളത്തിലും വന്നിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. യു.ഡി.എഫ് കാലത്ത് 13 തവണ ഇന്ധന നികുതി കൂട്ടിയിട്ടുണ്ടെന്ന് ധനമന്ത്രി. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചിട്ടേയില്ലെന്നും പകരം ഒരു തവണ കുറയ്ക്കുകയും ചെയ്തെന്ന് അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയും കോണ്‍ഗ്രസും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പ്രതിപക്ഷം ബി.ജെ.പിയെ സഹായിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ധനവില കൂടുന്നതിനു മൂന്നു കാരണങ്ങളാണുള്ളതെന്നു മന്ത്രി പറഞ്ഞു. പെട്രോള്‍ വില നിര്‍ണയ അധികാരം കമ്പോളത്തിനു യു.പി.എ സര്‍ക്കാര്‍ വിട്ടു കൊടുത്തു. അന്താരാഷ്ട്ര തലത്തില്‍ വില കുറഞ്ഞപ്പോഴും രാജ്യത്ത് വില കുറഞ്ഞില്ല. പെട്രോളിന്റെ നിയന്ത്രണാധികാരം കേന്ദ്രത്തിനായിരുന്നു. ഇന്ത്യയില്‍ ഓയില്‍ പൂള്‍ അക്കൗണ്ട് എന്ന സംവിധാനം ഉണ്ടായിരുന്നു. സബ്സിഡി നല്‍കിക്കൊണ്ട് പെട്രോള്‍ വില നിശ്ചിത നിരക്കില്‍ നിലനിര്‍ത്താനുള്ള സംവിധാനമായിരുന്നു ഇത്. ഈ സംവിധാനം എടുത്തു കളഞ്ഞത് മന്‍മോഹന്‍ സിങ് ആണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.