Skip to main content

കേന്ദ്ര സര്‍ക്കാര്‍ ഇന്ധനനികുതി കുറച്ചതോടെ സംസ്ഥാനവും നികുതി കുറയ്ക്കാന്‍ തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. ഇല്ലാത്തപക്ഷം കടുത്ത സമരത്തിലേക്ക് നീങ്ങുമെന്നും കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

അവശ്യസാധനങ്ങളുടെ വില വര്‍ധിക്കുമ്പോഴും കേന്ദ്രം നികുതി കുറച്ചിട്ടും സംസ്ഥാനം അതിന് തയ്യാറാകാതെ നില്‍ക്കുകയാണെന്ന് സുധാകരന്‍ ആരോപിച്ചു. കേന്ദ്രത്തിനെ മാത്രം കുറ്റം പറയുകയും സംസ്ഥാനം തങ്ങളുടെ ഉത്തരവാദിത്വം മറച്ചുവെക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു സര്‍ക്കാരിന് പറഞ്ഞിട്ടുള്ളതല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം എക്സൈസ് തീരുവ കുറച്ചതോടെ കേരളത്തില്‍ പെട്രോളിന് 6.30 രൂപയും, ഡീസലിന് 12.27 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 103.86 രൂപയായി കുറഞ്ഞു, ഡീസലിന് 93.52 രൂപയായി. കൊച്ചിയില്‍ പെട്രോളിന് 103.70 രൂപയും, ഡീസലിന് 91.49 രൂപയുമായി. കോഴിക്കോട് പെട്രോളിന് 103.97 രൂപയും, ഡീസലിന് 92.57 രൂപയുമാണ് പുതുക്കിയ വില.