Skip to main content

കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചു കൊന്ന കേസിലെ പ്രതി അമ്മ രേഷ്മയെ ജയിലില്‍ ചോദ്യംചെയ്തു. ആര്യയും ഗ്രീഷ്മമയും അനന്തു എന്ന വ്യാജ ഐഡി ഉപയോഗിച്ച് കബളിപ്പിച്ചതായിരുന്നുവെന്ന വിവരം പോലീസ് സംഘം രേഷ്മയെ അറിയിച്ചു. വിവരമറിഞ്ഞതോടെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍  രേഷ്മ പൊട്ടിക്കരഞ്ഞു. അനന്തു എന്ന ഫേസ് ബുക്ക് സുഹൃത്തിനെ കാണാന്‍ വര്‍ക്കലയില്‍ പോയിരുന്നുവെന്ന് രേഷ്മ മൊഴി നല്‍കി. എന്നാല്‍ കാണാന്‍ കഴിയാതെ മടങ്ങി. ഗര്‍ഭിണി ആയിരുന്ന കാര്യം ചാറ്റില്‍ സൂചിപ്പിച്ചിരുന്നില്ലെന്നാണ് രേഷ്മ പോലീസിനോട് പറഞ്ഞത്.

തനിക്ക് അനന്തുവെന്ന ആണ്‍ സുഹൃത്ത് ഉണ്ടായിരുന്നു. വര്‍ക്കലയില്‍ അനന്തുവിനെ കാണാനായി പോയിട്ടുണ്ട്. അന്ന് അനന്തുവിനെ കാണാന്‍ പറ്റിയിട്ടില്ല. അതിന് ശേഷമാവാം തന്നെ കബളിപ്പിച്ചത്. ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെക്കുറിച്ചുള്ള വിവരം ബന്ധുക്കളോട് പറഞ്ഞതില്‍ ഗ്രീഷ്മയ്ക്ക് തന്നോട് പകയുണ്ടാകാം. അതിനാലാണ് തന്നെ കബളിപ്പിച്ചതെന്നും രേഷ്മ ഗര്‍ഭിണിയാണെന്ന കാര്യം ചാറ്റിങില്‍ സൂചിപ്പിച്ചിട്ടില്ലെന്നും പോലീസിന് മൊഴി നല്‍കി. 

കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചു കൊന്ന കേസിലെ വമ്പന്‍ വഴിത്തിരിവായിരുന്നു രേഷ്മയുടെ ബന്ധുക്കളായ യുവതികളുടെ ആത്മഹത്യ. വ്യാജ ഐഡിയിലൂടെ രേഷ്മയുടെ ബന്ധുക്കള്‍ നടത്തിയ ചാറ്റിംഗടക്കമുള്ള വിവരങ്ങളിലേക്ക് പിന്നീടാണ് പോലീസ് എത്തിച്ചേര്‍ന്നത്. കരിയില കൂനയില്‍ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ കുഞ്ഞിന്റെ അമ്മയായ രേഷ്മയെ പ്രേരിപ്പിച്ചത് വ്യാജ ഐഡിയിലൂടെ  ബന്ധുക്കള്‍ നടത്തിയ ചാറ്റിംഗാണെന്ന് പോലീസ് ഉറപ്പിച്ചത്, മരിച്ച ഗ്രീഷ്മയുമായി സൗഹൃദമുണ്ടായിരുന്ന യുവാവില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. പ്രാങ്കിംഗ് എന്ന പേരില്‍ രേഷ്മയെ കബളിപ്പിക്കാനാണ് വ്യാജ ഐഡിയിലൂടെ ചാറ്റിംഗ് നടത്തിയിരുന്നതെന്ന് മരിച്ച ഗ്രീഷ്മ യുവാവിനോട് പറഞ്ഞിരുന്നു. ടെക്സ്റ്റ് മെസേജുകള്‍ അയക്കുന്നതല്ലാതെ ഒരിക്കല്‍ പോലും വീഡിയോ കോളോ വോയ്‌സ് കോളോ വിളിക്കാതെയാണ് യുവതികള്‍ രേഷ്മയെ കബളിപ്പിച്ചിരുന്നത്.