Skip to main content

വിവാദമായ കേസുകളില്‍ കുറ്റാരോപിതര്‍ക്ക് വേണ്ടി ഹാജരാവുന്ന പതിവ് തെറ്റിക്കാതെ ബി എ ആളൂര്‍. ശാസ്താംകോട്ടയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ കേസിലും പ്രതിഭാഗത്തിന് വേണ്ടി ഹാജരായത് ബിഎ ആളൂരാണ്. സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയ പീഡനം നേരിടേണ്ടി വന്ന സംഭവം സംസ്ഥാനമൊട്ടാകെ ചര്‍ച്ച ചെയ്തിരുന്നു. ഈ കേസിലാണ് കിരണിന് വേണ്ടി ജാമ്യാപേക്ഷയുമായി ബിഎ ആളൂര്‍ കോടതിയിലെത്തിയത്. വിസ്മയയുടെ മരണത്തില്‍ കിരണിന് പങ്കില്ലെന്ന കുടുംബത്തിന്റെ നിലപാട് തനെനയാണ് ജാമ്യാപേക്ഷയിലുമുണ്ടായിരുന്നത്.

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായി ചര്‍ച്ചയായതിന് പിന്നാലെ വിവാദമായ പല കേസുകളിലും പ്രതിഭാഗത്തിന് വേണ്ടി ബി എ ആളൂര്‍ വക്കീല്‍ ഹാജരായിരുന്നു. കൂടത്തായി കൊലപാതകക്കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ ബി.എ ആളൂരിനെതിരെ വ്യാപക വിമര്‍ശനം നേരിട്ടിരുന്നു. കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ട റിയാസ് അബൂബക്കറിനായും ബി.എ ആളൂര്‍ ഹാജരായിരുന്നു. ജിഷ വധക്കേസില്‍ പ്രതിയായ അമീര്‍ ഉള്‍ ഇസ്ലാമിന് വേണ്ടിയും ബി.എ ആളൂര്‍ ഹാജരായിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ സുനില്‍കുമാറിന്റെ കേസ് ഏറ്റെടുക്കുമെന്ന് ആളൂര്‍ വിശദമാക്കിയിരുന്നു.

ആളൂര്‍ എഴുതിത്തയ്യാറാക്കിയ അപേക്ഷ വായിക്കുകയായിരുന്നു. കിരണ്‍കുമാര്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെന്നും ഇത്രയും കാലത്തിനിടയില്‍ ഒരു കേസിലും പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. പോലീസ് മനഃപൂര്‍വ്വം കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. സമാനമായ പല ആത്മഹത്യകളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയും ശുഷ്‌കാന്തി പോലീസ് കാണിച്ചിട്ടില്ല. ഈ കേസില്‍ പോലീസ് കാണിക്കുന്നത് അമിതാവേശമാണ്. സ്ത്രീധനപീഡനം (498 എ.) വകുപ്പ് ചുമത്താവുന്ന കുറ്റമാണെന്നും ആളൂര്‍ വാദിച്ചു.

ആളൂരിന്റെ വാദം അസി.പബ്ളിക് പ്രോസിക്യൂട്ടര്‍(എ.പി.പി.) കാവ്യനായര്‍ എതിര്‍ത്തു. നിലവില്‍ ചുമത്തിയിരിക്കുന്ന 304 ബി. (സ്ത്രീധനപീഡനം മൂലമുള്ള മരണം) വകുപ്പ് മാത്രം ചുമത്താവുന്ന കുറ്റമല്ലെന്നും മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ അന്വേഷണ പുരോഗതിയനുസരിച്ച് മറ്റു പല വകുപ്പുകളും ചുമത്തേണ്ടി വരുമെന്നും അവര്‍ വാദിച്ചു. തെളിവെടുപ്പ് നടക്കുന്നതിനിടയില്‍ കിരണിന് കൊവിഡ് പോസിറ്റീവായതോടെ തെളിവെടുപ്പ് നിലച്ചിരുന്നു.