Skip to main content

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേര് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ഇന്ന് മുതല്‍ പുനരാരംഭിക്കും. ഇന്ന് മുതല്‍ പ്രതിദിന കൊവിഡ് വിവര പട്ടികയില്‍ പേരുകള്‍ വീണ്ടും ഉള്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. കൊവിഡ് ബാധിച്ച്  മരിച്ചവരുടെ പേരും വയസും സ്ഥലവും ജില്ലാ അടിസ്ഥാനത്തില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പേരുകള്‍ പുറത്തുവിടുന്നത് ആരോഗ്യ വകുപ്പ് നിര്‍ത്തിയത്. മരണ പട്ടിക വിവാദമായതോടെയാണ് സര്‍ക്കാര്‍ പേരുകള്‍ നല്‍കുന്നത് നിര്‍ത്തിയത്.

ഇനി ആശുപത്രികള്‍ 24 മണിക്കൂറിനകം ജില്ലാ മെഡിക്കല്‍ ഓഫീസിലും ജില്ലകള്‍ 48 മണിക്കൂറിനകം സംസ്ഥാന ആരോഗ്യവകുപ്പിനേയും മരണവിവരം അറിയിക്കണം. ബന്ധുക്കള്‍ക്ക്  ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടാനും പരാതിയുന്നയിക്കാനും വരും ദിവസങ്ങളില്‍ സംവിധാനമൊരുക്കും.

കൊവിഡ് മരണ കണക്കിനെച്ചൊല്ലി സര്‍ക്കാരും പ്രതിപക്ഷവും ഏറ്റുമുട്ടുന്നതിനിടെയാണ് തീരുമാനം എന്നത് ശ്രദ്ധേയമാണ്. പട്ടിക പുനപ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ പ്രതിപക്ഷം കണക്കുകള്‍ ശേഖരിച്ച് പട്ടിക പുറത്തുവിടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പട്ടികയില്‍ നിന്ന് പുറത്തായ മരണങ്ങളെക്കുറിച്ച് ഒറ്റപ്പെട്ട പരാതികളുയര്‍ന്നാല്‍ പരിശോധിക്കാമെന്നാണ് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് ഇന്നുമാവര്‍ത്തിച്ചത്. കുടുംബങ്ങളുടെ സ്വകാര്യത പരിഗണിച്ച ശേഷം മരിച്ചവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കാമെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. 

എല്ലാം കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ചാണെന്നും ഇതുവരെ വ്യാപക പരാതികളുണ്ടായിട്ടില്ലെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. കേന്ദ്ര മാര്‍ഗനിര്‍ദേശത്തില്‍ പോരായ്മകളുണ്ടെന്ന നിലപാടും നിലവില്‍ സര്‍ക്കാരിനില്ല. നഷ്ടപരിഹാരം നല്‍കുന്നതില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശത്തിനായി കാത്തിരിക്കുകയാണെന്നും സര്‍ക്കാര്‍ പറയുന്നു. 

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കും വരെ പ്രതിപക്ഷം ആവശ്യവുമായി മുന്നോട്ടുപോകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.  സുപ്രിംകോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഒന്നാം തരംഗത്തിലെയും രണ്ടാംതരംഗത്തിലെയും മുഴുവന്‍ മരണവും സമഗ്ര പരിശോധന നടത്തി പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്നാണ് പ്രതിപക്ഷം അടക്കം ഉയര്‍ത്തിയ ആവശ്യം.