Skip to main content

മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഭീഷണി സന്ദേശം ലഭിച്ചുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും. പത്തു ദിവസത്തിനുള്ളില്‍ ഇന്ത്യ വിട്ടില്ലെങ്കില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ഭാര്യയെയും മക്കളെയും കൊലപ്പെടുത്തുമെന്ന ഊമക്കത്താണ് വന്നതെന്ന് ഇരുവരും പറഞ്ഞു. കത്തെഴുതിയത് ടി.പി വധക്കേസിലെ പ്രതികളാണോ എന്ന് സംശയമുണ്ടെന്നും തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിയായിരിക്കെ ജയിലില്‍ അടയ്ക്കപ്പെട്ട ആളാണ് കത്തിന് പിന്നില്‍ എന്ന് വ്യക്തമാണെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.

കത്തിന് പിന്നില്‍ നൂറ് ശതമാനം ടി.പി കേസിലെ പ്രതികളാണെന്ന് പറയുന്നില്ലെങ്കിലും സംശയമുണ്ട് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും തിരുവഞ്ചൂരിന് സംരക്ഷണം നല്‍കണമെന്നും കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും കെ.സുധാകരനും വി.ഡി സതീശനും മാധ്യമങ്ങളോട് പറഞ്ഞു. കത്തില്‍ സി.പി.ഐ.എമ്മുമായി ബന്ധമില്ല എന്നു വരുന്ന വിധത്തിലുള്ള ഒരു വാചകമുണ്ട്. അത് എന്തിനു വേണ്ടിയാണ് എഴുതി ചേര്‍ത്തതെന്ന് വ്യക്തമാക്കണം. കത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന് ഞങ്ങള്‍ പറയുന്നില്ല. പക്ഷേ ജയിലില്‍ കിടക്കുന്ന ക്രിമിനല്‍ തന്നെയാണ് കത്തയച്ചത്, ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. മുന്‍ ആഭ്യന്തര മന്ത്രിക്ക് പോലും ഊമക്കത്ത് അയക്കാന്‍ വേണ്ടി ധൈര്യപ്പെടുന്ന തരത്തില്‍ ഈ സംസ്ഥാനത്ത് ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നും ഇരുവരും കുറ്റപ്പെടുത്തി.