Skip to main content

സംസ്ഥാനത്ത് പതിനെട്ട് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍  നല്‍കാന്‍ തീരുമാനം.  കേന്ദ്രം വാക്‌സിന്‍ മാര്‍ഗനിര്‍ദേശം പരിഷ്‌കരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ഗുരുതര രോഗമുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള മുന്‍ഗണന തുടരും. സംസ്ഥാനം വാക്‌സിനേഷന്‍ തുടങ്ങി 5 മാസത്തിന് ശേഷം പ്രായപരിധി പരിഗണനകള്‍ക്കപ്പുറമുള്ള വാക്‌സിനേഷന് തീരുമാനമെത്തിയിരിക്കുകയാണ്. ഈ മാസം 21നാണ് കേന്ദ്രം 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ഉറപ്പാക്കി  വാക്‌സിനേഷന്‍ പദ്ധതി പരിഷ്‌കരിച്ചുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനവും പുതിയ ഉത്തരവ് ഇറക്കിയത്. 

പുതിയ ഉത്തരവ് പ്രകാരം പതിനെട്ടിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിനെടുക്കാനാകും.  എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പോരാളികള്‍, ഗുരുതര രോഗമുള്ളവര്‍, 45ന് മുകളില്‍ പ്രായമുള്ളവര്‍, ആദ്യ ഡോസെടുത്ത് കാത്തിരിക്കുന്നവര്‍ എന്നിവര്‍ക്കുള്ള മുന്‍ഗണ തുടരും.  സൗജന്യവും സാര്‍വത്രികവുമായ വാക്‌സിനേഷന്‍ പ്രഖ്യാപിച്ചെങ്കിലും വാക്‌സിന്‍ ലഭ്യത തന്നെയാണ് ഇപ്പോഴും പ്രതിസന്ധി. പ്രതിദിനം രണ്ടര ലക്ഷം പേര്‍ക്ക് വരെ വാക്‌സിന്‍ നല്‍കാന്‍ ശേഷിയുള്ള സംസ്ഥാനത്തിന് ഇത്രയും വാക്‌സിന്‍ ലഭിക്കുന്നില്ല. 

ജനസംഖ്യാടിസ്ഥാനത്തിലാണ് കേന്ദ്രം വാക്‌സിന്‍ വിതരണം ചെയ്യുന്നത് എന്നതിനാല്‍  സംസ്ഥാനത്തിന് ലഭിക്കുന്ന തോത്, ശേഷിയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്.  അതേസമയം മുന്‍ മാസങ്ങളേക്കാള്‍ വാക്‌സിന്‍ വേഗത്തില്‍ ലഭിക്കുന്നുണ്ട്.  20 ദിവസത്തിനിടെ 20 ലക്ഷത്തിലധികം വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനത്തെത്തി. ചുരുക്കത്തില്‍ 18ന് മുകളിലുള്ള എല്ലാവര്‍ക്കുംം വാക്‌സിന്‍ പ്രഖ്യാപനമായെങ്കിലും വാക്‌സിന്‍ കിട്ടാന്‍ കാത്തിരിക്കേണ്ടി വരും.