Skip to main content

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണായക പങ്കുണ്ടെന്ന് സംശയിക്കുന്ന കണ്ണൂര്‍ സംഘത്തിലെ പ്രധാനി അര്‍ജുന്‍ ആയങ്കി കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ഹാജരായത്. അഭിഭാഷകര്‍ക്കൊപ്പമാണ് അര്‍ജുന്‍ എത്തിയത്. രാമനാട്ടുകരയില്‍ അഞ്ച് പേര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സ്വര്‍ണ്ണക്കടത്തിലേക്കും അത് തട്ടിയെടുക്കുന്ന സംഘത്തിലേക്കും അതുവഴി അര്‍ജുന്‍ ആയങ്കിയിലേക്കും എത്തിയത്. കൂടാതെ പങ്കാളിത്തം സംബന്ധിച്ച ശബ്ദരേഖയും പുറത്തുവന്നിരുന്നു.

അര്‍ജുന്‍ ആയങ്കി സി.പി.എം നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന പഴയ ചിത്രങ്ങള്‍ ഇതിനിടെ പുറത്തുവന്നതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐയില്‍ നിന്ന് അര്‍ജുനെ നേരത്തെ തന്നെ പുറത്താക്കിയിരുന്നു. 

കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുക്കുന്ന 'പൊട്ടിക്കല്‍' പലതവണ അര്‍ജുന്‍ ആയങ്കി നടത്തിയതായാണ് കസ്റ്റംസിന് വിവരം ലഭിച്ചത്. അങ്ങനെ എങ്കില്‍ എത്ര തവണ എത്ര അളവിലുള്ള സ്വര്‍ണം തട്ടിയെടുത്തു, സംഘത്തില്‍ ആയങ്കിയെ കൂടാതെ മറ്റ് ആര്‍ക്കൊക്കെ പങ്ക് എന്നീ കാര്യങ്ങളില്‍ ചോദ്യം ചെയ്യലോടെ വിവരം ലഭിക്കുമെന്നാണ് കസ്റ്റംസ് കരുതുന്നത്. അര്‍ജുന്‍ ഇരുപതോളം തവണ ഇത്തരത്തില്‍ കളളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തെന്നാണ് സംശയിക്കുന്നത്.