Skip to main content

മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും തമ്മിലുള്ള ചെളിവാരി എറിയല്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് നിര്‍ത്തിയതായി അറിയിപ്പ് വന്നു, അത്രയും നല്ലത്. കേരളത്തിന്റെ പൊതു പക്വത എവിടെ നില്‍ക്കുന്നു എന്നതാണ് ഈ രണ്ട് പേരുടെ അഭിപ്രായ പ്രകടനങ്ങളും വെളിപ്പെടുത്തലുകളും ആരോപണങ്ങളും വീരസ്യം പറച്ചിലുമൊക്കെ സൂചിപ്പിക്കുന്നത്. സ്വാഭാവികമായി ശരാശരി വിദ്യാഭ്യാസം ഉള്ളവര്‍ക്ക് പോലും വാര്‍ധക്യത്തില്‍ പക്വത വരാറുണ്ട്. മുഖ്യമന്ത്രി 75 വയസ്സ് കഴിഞ്ഞ വ്യക്തിയാണ്. കെ സുധാകരന്‍ 73 കഴിഞ്ഞ വ്യക്തിയാണ്. 

കേരളത്തിന്റെ ഗതിയെ നിയന്ത്രിക്കുന്ന വ്യക്തിയാണ് മുഖ്യമന്ത്രി. അതുപോലെ തന്നെ പ്രാധാന്യമുള്ള വ്യക്തിയാണ് പ്രതിപക്ഷത്തിന്റെ അധ്യക്ഷനായ കെ സുധാകരനും. വര്‍ത്തമാനകാല സമൂഹത്തിന്റെ ഗതി ഈ രണ്ട് പേരുടെയും പ്രവര്‍ത്തനങ്ങളിലും ആശയപ്രകടനങ്ങളിലും നിര്‍ണ്ണായകമാണ്. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ അര നൂറ്റാണ്ടിലേറെയായി ഇടവേളകളില്ലാതെ നില്‍ക്കുന്ന ഈ വ്യക്തികള്‍ സ്വാഭാവികമായും അനുഭവ സമ്പത്തുകൊണ്ട് വളരെ പക്വതയും ഔന്നത്യവും കാണിക്കേണ്ട നേതാക്കളാണ്. എന്നാല്‍ ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥി കാലഘട്ടത്തിലെ ചില സംഭവങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് ഈ രണ്ട് നേതാക്കളും നടത്തിയ അവകാശവാദങ്ങളും പ്രസ്ഥാവനകളും കാണിക്കുന്നത് കൗമാരത്തിന്റെ ചാപല്യത്തിന്റെ പ്രകടനങ്ങളാണ്. കേരള സമൂഹത്തിന്റെ വാര്‍ധക്യം സ്വാഭാവികമായ പക്വതയിലേക്ക് പോലും എത്തുന്നില്ല എന്നതു കൂടിയാണ് ഈ സംഭവം കാണിച്ചു തരുന്നത്.

ഈ രണ്ട് വാര്‍ധക്യത്തിലുള്ള നേതാക്കളുടെ പെരുമാറ്റം കേരളത്തിലെ യുവതലമുറയെ ഏതെങ്കിലും രീതിയില്‍ സ്വാധീനിക്കുകയാണെങ്കില്‍ വര്‍ത്തമാനകാല ക്യാംപസുകളിലെ അന്തരീക്ഷം ഏത് ദിശയിലേക്ക് നീങ്ങും എന്ന് ഊഹിക്കാവുന്നതാണ്. മാത്രമല്ല ഈ രണ്ട് നേതാക്കളെയും ന്യായീകരിച്ചു കൊണ്ട് രണ്ട് പ്രസ്ഥാനങ്ങളിലേയും തലമുതിര്‍ന്ന നേതാക്കള്‍ രംഗത്ത് വരികയും ചെയ്ത സാഹചര്യത്തില്‍ ഇത് ഒരു രാഷ്ട്രീയ വാക്‌പോര് എന്നതിലുപരി കേരളത്തിന്റെ സാമൂഹിക അവസ്ഥയുടെ പക്വതയെ അളക്കാന്‍ പറ്റുന്ന ഒരു അവസരമാണ്. ഇതില്‍ നിന്ന് മനസ്സിലാകുന്നത് കേരളത്തിലെ വാര്‍ധക്യത്തെ കൗമാരം ബാധിച്ചിരിക്കുന്നു എന്നതാണ്. വാര്‍ധക്യത്തില്‍ കൗമാര സ്വഭാവം പ്രകടമാക്കുന്നത് വൈകൃതമാണ്. ഈ വൈകൃതത്തിന്റെ അന്തരീക്ഷം കേരള സമൂഹത്തില്‍ സക്രിയമായി നിലനില്‍ക്കുന്നു എന്നതാണ് കേരള രാഷ്ട്രീയത്തിന്റെ നായകസ്ഥാനത്ത് നില്‍ക്കുന്ന രണ്ട് നേതാക്കള്‍ തമ്മിലുള്ള വാക്‌പോര് വ്യക്തമാക്കുന്നത്.