Skip to main content

വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്‌പെക്ടറുമായ കിരണിന്റെ മൊഴി രേഖപ്പെടുത്തി. വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നതായി കിരണ്‍ കുമാര്‍ പോലീസിന് മൊഴി നല്‍കി. വിസ്മയയെ മുന്‍പു മര്‍ദ്ദിച്ചിട്ടുണ്ടെന്നും കിരണ്‍ പോലീസിനോടു സമ്മതിച്ചു. 

മരിക്കുന്നതിന്റെ തലേന്നു മര്‍ദിച്ചിട്ടില്ല. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ വിസ്മയയുമായി വഴക്കുണ്ടായി. ഈ സമയം വീട്ടില്‍ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടു. നേരം പുലര്‍ന്ന ശേഷമേ വീട്ടില്‍ പോകാനാവൂ എന്ന് താന്‍ നിലപാടെടുത്തുവെന്നും കിരണ്‍ പറഞ്ഞു. തന്റെ മാതാപിതാക്കള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു. ഇതിന് ശേഷം വിസ്മയ ശുചിമുറിയില്‍ കയറി തൂങ്ങുകയായിരുന്നു. 20 മിനിറ്റ് കഴിഞ്ഞും വിസ്മയ ശുചിമുറിയില്‍ നിന്ന് പുറത്തുവരാതെ ഇരുന്നപ്പോഴാണ് താന്‍ ശുചി മുറിയുടെ വാതില്‍ ചവിട്ടി തുറന്നത്. വിസ്മയയുടെ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്ന ചിത്രത്തിലെ മര്‍ദ്ദനത്തിന്റെ പാടുകള്‍ നേരത്തെ ഉണ്ടായതാണ്. 

കിരണിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനമരണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. സംഭവത്തില്‍ ഗാര്‍ഹിക, സ്ത്രീധന പീഡനത്തിനു വനിതാ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്. കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ വിസ്മയയുടെ നിലമേലിലെ വീട് സന്ദര്‍ശിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഭര്‍ത്താവ് കിരണിന്റെ വീട്ടിലെ രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേര്‍ന്ന ശുചിമുറിയുടെ വെന്റിലേഷനില്‍ വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കേസില്‍ കിരണിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. നേരത്തെ കിരണിന്റെ അമ്മ വിസ്മയയെ മര്‍ദിച്ചതായി വിസ്മയയുടെ മാതാപിതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.