Skip to main content

കേരളത്തെ ആകെ കണ്ണീരിലാഴ്ത്തിയ സംഭവമാണ് കൊല്ലത്ത് യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിക്ക്ഭര്‍ത്താവില്‍ നിന്നും ക്രൂര മര്‍ദനമാണ് നേരിടേണ്ടി വന്നതെന്ന വിവരവും പുറത്തു വന്നിരുന്നു. മരണത്തിന് തലേ ദിവസമാണ് ഭര്‍ത്താവ് കിരണ്‍ ചെയ്ത ക്രൂരതകള്‍ വെളിപ്പെടുത്തുന്ന വാട്‌സാപ്പ് ചാറ്റുകളും ചിത്രങ്ങളും വിസ്മയ ബന്ധുവിന് അയച്ചത്.

സ്ത്രീധനം നല്‍കിയ വണ്ടി ഇഷ്ട്ടപ്പെടാത്തത് കൊണ്ടാണ് മകളെ ഉപദ്രവിച്ചതെന്ന് വിസ്മയയുടെ അച്ഛന്‍ പറയുന്നു. 'ഒരേക്കര്‍ ഇരുപത് സെന്റ് വസ്തു,100 പവന്‍ സ്വര്‍ണ്ണം, പത്ത് ലക്ഷത്തിനകത്ത് ഒരു വണ്ടി എന്നാണ് പറഞ്ഞിരുന്നത്. പക്ഷേ കൊടുത്ത വണ്ടി അവനിഷ്ടപ്പെട്ടില്ല. വണ്ടി വേണ്ട, പണം മതി എന്ന് പറഞ്ഞ് മോളെ നിരന്തരം ഉപദ്രവിക്കുമെന്ന് വിസ്മയുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയില്‍ ഭര്‍തൃഗൃഹത്തിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച വിസ്മയെ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ നിലമേലില്‍ നിന്നും ശാസ്താംകോട്ടയിലേക്ക് എത്തുകയായിരുന്നു.

വിസ്മയുടേത് കൊലപാതകം തന്നെയാണെന്ന് സഹോദരന്‍ വിജിത്ത് പറഞ്ഞു. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ വീട്ടില്‍ വന്നു നില്‍ക്കുന്ന സാഹചര്യമുണ്ടായിരുന്നു. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് കിരണ്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായും വിജിത്ത് ആരോപിച്ചു. 2020 മാര്‍ച്ചിലായിരുന്നു കിരണുമായുള്ള വിസ്മയയുടെ വിവാഹം നടന്നത്.