Skip to main content

വേമ്പനാട് കായലിന്റെ കാവലാള്‍ കോട്ടയം കുമരകം സ്വദേശി എന്‍.എസ് രാജപ്പന് തായ്വാന്‍ സര്‍ക്കാരിന്റെ ആദരം. ജന്മനാ ഇരുകാലുകള്‍ക്കും ശേഷിയില്ലാത്ത രാജപ്പന്‍ വേമ്പനാട്ട് കായലില്‍ വലിച്ചെറിയുന്ന കുപ്പി പെറുക്കിയാണ് ഉപജീവനം നടത്തുന്നത്. തായ്വാന്റെ ദി സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്റര്‍നാഷണലിന്റെ വേള്‍ഡ് പ്രൊട്ടക്ഷന്‍ അവാര്‍ഡാണ് രാജപ്പന് ലഭിച്ചത്. പ്രശംസാ ഫലകവും 10000 ഡോളര്‍(ഏകദേശം 730081 രൂപ) അടങ്ങുന്നതാണ് പുരസ്‌കാരം. സമൂഹ മാധ്യമങ്ങളിലൂടെയാണ്, കായലില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കി ഉപജീവനം നടത്തുന്ന രാജപ്പനെ ലോകം അറിയുന്നത്.

14 വഷമായി വേമ്പനാട്ട് കായലിലെ പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കിയാണ് ഉപജീവനം നടത്തുന്നത്. തുച്ഛമായ വരുമാനമേ ഉളളൂവെങ്കിലും വേമ്പനാട്ട് കായല്‍ സുന്ദരിയായി ഇരിക്കുന്നതാണ് തന്റെ ജോലിയിലെ സന്തോഷമെന്ന് രാജപ്പന്‍ പറയുന്നു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചുള്ള രാജപ്പന്റെ സേവനം ജനങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്നു തയ്വാനില്‍ നിന്നു ലഭിച്ച പ്രശംസാപത്രത്തില്‍ പറയുന്നു.

രാവിലെ ആറ് മണിയാകുമ്പോള്‍ രാജപ്പന്‍ വള്ളവുമായി കായലിലിറങ്ങും. മിക്കപ്പോഴും രാത്രിയാകും മടങ്ങിയെത്താന്‍. കൂടുതലൊന്നും കിട്ടിയില്ലെങ്കിലും അന്നത്തെ ചെലവിനുള്ള ചില്ലറ കിട്ടണമെന്ന് മാത്രമെന്ന ആഗ്രഹാം മാത്രമാണ് രാജപ്പനുള്ളത്. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിലും രാജപ്പനെ പ്രശംസിച്ചിരുന്നു.

ആരുമറിയാതെ പോയ തന്റെ ജീവിതം ലോകം മുഴുവന്‍ അറിഞ്ഞ് തായ്വാന്‍ സര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെയും പ്രശംസ പിടിച്ചു പറ്റിയ രാജപ്പന്‍ ചേട്ടന് ചെറിയൊരു ആഗ്രഹമെന്നത് കുപ്പികള്‍ പെറുക്കാന്‍ വലിയൊരു വള്ളവും അന്തിയുറങ്ങാന്‍ ഒരു വീടും എന്നതായിരുന്നു.

ബോബി ചാരിറ്റിബിള്‍ ട്രസ്റ്റ് പുതിയ വീടു വയ്ക്കുന്നതിനു സഹായം നല്‍കി. ബോബി ചെമ്മണൂര്‍ നേരിട്ട് എത്തിയാണു സഹായം നല്‍കിയത്. ബി.ജെ.പി. നേതാവ് പി.ആര്‍. ശിവശങ്കറിന്റെ പ്രവാസി സുഹൃത്ത് യന്ത്രം ഘടിപ്പിച്ച വള്ളം നല്‍കിയിരുന്നു. കൂടാതെ വ്യക്തികളും സംഘടനകളും രാജപ്പന്റെ ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയും ചെയ്തിരുന്നു. രാജപ്പന്‍ താമസിച്ചിരുന്നു വീട് 2018ലെ വെള്ളപ്പൊക്കത്തില്‍ തകര്‍ന്നിരുന്നു. പിന്നീട് സഹോദരി വിലാസിനിയുടെ വീട്ടിലാണ് രാജപ്പന്‍ താമസിക്കുന്നത്. സഹായിച്ചവരോടെല്ലാം നന്ദിയുണ്ടെന്നു രാജപ്പന്‍ പറഞ്ഞു.