Skip to main content

വിദ്വേഷ പ്രചാരണങ്ങള്‍ക്കുള്ള മറുപടിയുമായി വൈറല്‍ ഡാന്‍സേര്‍സ് ആയ നവീനും ജാനകിയും. വളരെ കുറച്ച് പേര്‍ മാത്രമാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും ഭൂരിപക്ഷവും കാര്യങ്ങളെ പോസ്റ്റിറ്റീവ് ആയാണ് കാണുന്നതെന്നും നവീന്റെയും ജാനകിയുടേയും പ്രതികരണം. ഇത്തരം വിവാദങ്ങളൊന്നും ഞങ്ങള്‍ കാര്യമായി മൈന്‍ഡ് ചെയ്യാറില്ല. പറയുന്നവര്‍ പറയട്ടെ. നമ്മള്‍ നല്ല സുഹൃത്തുക്കളാണ്. തുടര്‍ന്നും ഒരുമിച്ച് ഡാന്‍സ് ചെയ്യുമെന്നും ഇരുവരും പറയുന്നു.

മുപ്പത് സെക്കന്‍ഡ് ഡാന്‍സ് വീഡിയോയിലൂടെയാണ് നവീന്‍ റസാക്കും ജാനകി ഓംകുമാറും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത്. എന്നാല്‍ ചിലര്‍ ഇരുവരുടെയും പേരുകള്‍ ചൂണ്ടിക്കാണിച്ച് വിദ്വേഷ പ്രചാരണം നടത്തിയിരുന്നു. കൃഷ്ണ രാജ് എന്ന വക്കീലായിരുന്നു ഇരുവര്‍ക്കുമെതിരെ ലവ് ജിഹാദ് ആരോപണവുമായി ആദ്യം രംഗത്ത് വന്നത് . തുടര്‍ന്ന് വിഷയം വലിയ ചര്‍ച്ചയാവുകയും പ്രമുഖര്‍ അടക്കം നവീനിനെയും ജാനകിയേയും പിന്തുണച്ചുക്കൊണ്ട് രംഗത്ത് വരികയും ചെയ്തു.

എന്നാല്‍ ആരോപണങ്ങള്‍ ഒന്നും വകവെയ്ക്കാതെ പുതിയ ഡാന്‍സ് വീഡിയോയുമായി നവീന്‍ റസാക്കും ജാനകി ഓംകുമാറും വീണ്ടുമെത്തിയിരുന്നു . ക്ലബ് എഫ്.എം സെറ്റിലായിരുന്നു ഇത്തവണ ഇരുവരുടേയും ഡാന്‍സ്. ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലെ പാട്ടിന്റെ റീമിക്സിനൊപ്പമാണ് ഇരുവരും ചുവടുകള്‍ വെച്ചത്. സംഭവം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. വിദ്വേഷ പ്രചാരണങ്ങളില്‍ തലകുനിക്കാതെ ധൈര്യമായി മുന്നോട്ട് പോവൂ എന്നാണ് വീഡിയോക്ക് താഴെയുള്ള കമന്റുകളില്‍ പറയുന്നത്.

നവീനിന്റെയും ജാനകിയുടെയും പ്രതികരണം;

ഞങ്ങളിതൊന്നും മൈന്‍ഡ് ചെയ്യാറില്ല, പറയുന്നവര്‍ പറയട്ടെ, ഞങ്ങള്‍ സ്റ്റുഡന്റസ് ആണ്. വിവാദങ്ങളൊന്നും ഞങ്ങളെ അഫക്റ്റ് ചെയ്യാറില്ല. ഇത്തരം വിവാദങ്ങളൊന്നും റെസ്‌പോണ്‍സ് അര്‍ഹിക്കുന്നില്ല. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കോളേജ് യൂണിയനുമൊക്കെ പ്രതികരിക്കണം എന്ന് പറയുന്നുണ്ട്. നമുക്ക് അങ്ങനെ പ്രതികരിക്കണമെന്ന് തോന്നിയിട്ടില്ല. നമ്മള്‍ നല്ല സുഹൃത്തുക്കളാണ്. കോളേജില്‍ ഇനിയും ഡാന്‍സിനോട് താത്പര്യമുള്ള വിദ്യാര്‍ഥികളുണ്ട്. അവരും ഇത്തരം വീഡിയോസുമായി മുന്നോട്ടു വന്നേക്കാം. ചിലര്‍ മാത്രമാണ് ഇത്തരം കാര്യങ്ങളില്‍ കുഴപ്പം കണ്ടുപിടിക്കുന്നത്. മജോറിറ്റിയും പോസിറ്റീവ് ആയാണ് പ്രതികരിക്കുന്നത്. നമ്മള്‍ ഒന്നിച്ചാണ് പഠിക്കുന്നത്. ഒന്നിച്ചു ഭക്ഷണം കഴിക്കുവാന്‍ പോകാറുണ്ട്. അപ്പോള്‍ ഒന്നിച്ച് ഡാന്‍സ് കളിച്ചു. അത്രമാത്രം. ഇനിയും നമ്മള്‍ ഒന്നിച്ച് തന്നെ ഡാന്‍സ് ചെയ്യും.