തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ആര്.എസ്.എസ് ശാഖയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഇത് സംബന്ധമായ സര്‍ക്കുലര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കി. ആചാരങ്ങളുമായി യോജിക്കാത്ത ആയുധ പരിശീലനമോ മാസ് ഡ്രില്ലുകളോ ക്ഷേത്രങ്ങളില്‍ പാടില്ലെന്ന് ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. 1240ഓളം ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ളത്. ഇവിടെയെല്ലാം ആര്.എസ്.എസ് ശാഖയ്ക്കുള്ള വിലക്ക് ബാധകമായിരിക്കും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആര്. എസ്. എസ് പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡിന്റെ നടപടി. ശാഖാ പ്രവര്‍ത്തനമോ മാസ് ഡ്രില്ലോ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ക്ഷേത്രം ജീവനക്കാര്‍ തന്നെ അത്തരം പ്രവര്‍ത്തികള്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. കൂടാതെ സംഭവം ഉടന്‍ തന്നെ കമ്മീഷണറുടെ ഓഫീസില്‍ അറിയിക്കണം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.