Skip to main content

സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ഭരണപക്ഷത്ത് നിന്നും രൂക്ഷ വിമര്‍ശനമായിരുന്നു ഉയര്‍ന്നു കൊണ്ടിരുന്നത്. അന്വേഷണം വഴി തെറ്റി പോകുന്നുവെന്നും ചിലരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുവെന്നും പ്രതികളോട് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദം ചെലുത്തുന്നുവെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയില്‍ നിന്നും വിരമിച്ച റിട്ട ജഡ്ജി കെ വി മോഹനനെ കമ്മീഷനാക്കാന്‍ തീരുമാനിച്ചു. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. 

സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനപ്രകാരമായിരുന്നു കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിരുന്നത്. ആ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണമുയന്നത്. മൊഴിമാറ്റിപ്പയറയാന്‍ കേന്ദ്ര ഏജന്‍സികള്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നടക്കം പ്രതികളുടെ വെളിപ്പെടുത്തലുകളുമുണ്ടായി.

അന്വേഷണം വഴിതെറ്റിപ്പോകുന്നത് പരിശോധിക്കാനാണ് കമ്മീഷനെ നിയോഗിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി നേടിയ ശേഷമാകും ഇത് നടപ്പാക്കാകുക. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ പ്രതികളുടെ മേല്‍ സമ്മദ്ദം ചെലുത്തിയോ?  ഇതില്‍ ഏതൊക്കെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ട്? അത് ആരൊക്കെയാണ്, ഗൂഢാലോചന നടന്നോ എന്നിങ്ങനെയുള്ള വിവരങ്ങളാണ് അന്വേഷിക്കുക എന്നാണ് വിവരം.