രാജ്യസഭയിലെ കേരളത്തില്‍ നിന്നുള്ള മൂന്ന് അംഗങ്ങള്‍ വിരമിക്കുന്ന ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പ് മരവിപ്പിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് നടപടിക്രമങ്ങള്‍ ആരംഭിച്ചതിനുശേഷം തിരഞ്ഞെടുപ്പ് മരവിപ്പിക്കാന്‍ കമ്മിഷന് എടുത്ത തീരുമാനം നിലവിലുള്ള നിയമസഭാ അംഗങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും സി.പി.എം ആരോപിച്ചു.
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞാല്‍ അതില്‍ ഇടപെടാന്‍ പാടില്ലെന്ന് നിരവധി സുപ്രീംകോടിതി വിധികള്‍ നിലവിലുണ്ട്. ഭരണഘടനാപരമായ ബാദ്ധ്യത നിറവേറ്റേണ്ട തിരഞ്ഞെടുപ്പ് കമ്മിഷന് ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ചത് ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കുന്ന നടപടിയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ മരവിപ്പിച്ച നടപടി തെരഞ്ഞെടുപ്പ് കമ്മിഷന് പിന്‍വലിക്കണമെന്നും നിയമസഭയുടെയും, അംഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു.