Skip to main content

കേരളത്തില്‍ 10.76 ശതമാനം പേര്‍ കൊവിഡ് വന്നുപോയത് അറിയാത്തവരെന്ന് പഠന റിപ്പോര്‍ട്ട്. കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ 10.76 ശതമാനം പേരില്‍ രോഗം വന്നുപോയിരിക്കാമെന്നാണ് നിഗമനം. കഴിഞ്ഞ മാസം ആരോഗ്യവകുപ്പ് നേരിട്ട് നടത്തിയ സീറോ സര്‍വയലന്‍സ് പഠനത്തിലാണ് കണ്ടെത്തല്‍. പൊതുജനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍ ഉള്‍പ്പെടെ 20,939 പേരിലായിരുന്നു പഠനം. രോഗാണുവിനെച്ചെറുക്കാനുള്ള ആന്റിബോഡി ശരീരം സ്വയം ഉത്പാദിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധനയിലൂടെ കണ്ടെത്തുകയാണ് സീറോ സര്‍വയലന്‍സ് പഠനത്തിലൂടെ ചെയ്യുന്നത്. 

മുതിര്‍ന്ന പൗരന്മാര്‍ക്കിടയിലെ സീറോ പ്രിവിലന്‍സ് എട്ടു ശതമാനമാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ 10.5 ശതമാനവും. കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കിടയിലുള്ള സീറോ പ്രിവലന്‍സ് 12 ശതമാനമാണ്. ദേശീയ തലത്തില്‍ 30 രോഗബാധിതരില്‍ ഒരാളെ മാത്രം കണ്ടെത്തി റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ കേരളത്തില്‍ രോഗാണുബാധയുള്ള നാലില്‍ ഒരാളെ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. 

കഴിഞ്ഞ മേയില്‍ ഐ.സി.എം.ആര്‍, സംസ്ഥാനത്ത് സീറോ പ്രിവലന്‍സ് സര്‍വേ നടത്തിയിരുന്നു. മൂന്നു ജില്ലകളിലായി നടത്തിയ ഈ സര്‍വേയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ സീറോ പ്രിവലന്‍സ് 0.3 ശതമാനമെന്ന് കണ്ടെത്തിയിരുന്നു. ദേശീയ തലത്തിലിത് 0.73 ശതമാനമായിരുന്നു. ഓഗസ്റ്റില്‍ വീണ്ടും സര്‍വേ നടത്തിയപ്പോള്‍ സംസ്ഥാനത്ത് ഇത് 0.8 ശതമാനവും ദേശീയ തലത്തില്‍ 6.6 ശതമാനവുമായി. ഇതേ മൂന്നു ജില്ലകളില്‍ത്തന്നെ ഡിസംബറില്‍ അവര്‍ വീണ്ടും സര്‍വേ നടത്തിയിരുന്നു. അന്ന് സീറോ പ്രിവലന്‍സ് കേരളത്തില്‍ 11.6 ശതമാനവും ദേശീയ തലത്തില്‍ 21 ശതമാനവും ആണ്.