Skip to main content

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ലത്തീന്‍ രൂപതയുടെ കീഴിലുള്ള പള്ളികളില്‍ ഇടയലേഖനം വായിച്ചു. മത്സ്യബന്ധന മേഖലയെ ഇല്ലായ്മ ചെയ്യാനും കുത്തകകള്‍ക്ക് വില്‍ക്കാനുമുള്ള ശ്രമം നടക്കുന്നുവെന്നുമാണ് ഇടയലേഖനത്തിലെ ഉള്ളടക്കം. ഇ.എം.സി.സി കരാര്‍ പിന്‍വലിക്കപ്പെട്ടത് ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മാത്രമാണ്. കോര്‍പ്പറേറ്റുകള്‍ക്കും സ്വകാര്യ കുത്തകകള്‍ക്കും മേല്‍ക്കൈ നല്‍കി നിലവിലുള്ള മത്സ്യമേഖലയെ തകര്‍ക്കാനുള്ള നിയമനിര്‍മ്മാണം ഇതിനോടകം നടന്നു കഴിഞ്ഞുവെന്നും ഇടയലേഖനത്തില്‍. ടൂറിസത്തിന്റെയും വികസനത്തിന്റേയും പേര് പറഞ്ഞു പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലകളെ തകര്‍ത്തെറിയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ബ്ലൂ എക്കോണമി എന്ന പേരില്‍ കടലില്‍ ധാതുവിഭവങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഖനനാനുമതി നല്‍കിയതിനാണ് കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം. മത്സ്യത്തൊഴിലാളികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുന്നത് നിലനില്‍പ്പിന്റെ പ്രശ്നമാണെന്നും ഇടയലേഖനത്തില്‍ പറയുന്നു.

മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി ഉണ്ടായിരുന്ന ഭവന നിര്‍മ്മാണ പദ്ധതി ലൈഫ് മിഷനില്‍ കൂട്ടിച്ചേര്‍ത്ത് ആനുകൂല്യങ്ങള്‍ ഇല്ലാതാക്കിയതായും ഇടയ ലേഖനത്തില്‍ വിമര്‍ശനമുണ്ട്. വനവാസികള്‍ക്ക് വനാവകാശമുള്ളതുപോലെ കടലിന്റെ മക്കള്‍ക്ക് കടല്‍ അവകാശം വേണമെന്നും ഇടയലേഖനം. കേരളത്തിന്റെ സൈന്യത്തെ മുക്കിക്കൊല്ലുന്ന നയങ്ങള്‍ക്കും നിയമങ്ങള്‍ക്കും ഭരണവര്‍ഗ്ഗം കൂട്ടുനില്‍ക്കുന്നുവെന്നും ഇടയലേഖനം പറയുന്നു.