Skip to main content

ബോംബിന്റെ സ്ഥാനത്ത് ഓലപ്പടക്കം പൊട്ടിയാല്‍ എങ്ങനെ ഉണ്ടാവുമോ അത് പോലെയാണ് നേമം നിയമസഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഉമ്മന്‍ചാണ്ടി നേമത്ത് മല്‍സരിക്കുമെന്ന് വാര്‍ത്ത വന്നിരുന്നു. ഇത് കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞുകൊണ്ട് തന്നെ പുറത്തുവിട്ട വാര്‍ത്തയാണ്. ആ വാര്‍ത്ത പുറത്തുവിട്ടതിന് പിന്നില്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളിക്ക് വ്യക്തമായ പങ്കുണ്ട്. കേരള നിയമസഭയിലെ ബി.ജെ.പിയുടെ ഏക അംഗമായ ഒ രാജഗോപാല്‍ തിരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് നേമം. നേമത്ത് ബി.ജെ.പിയെ നേരിടുന്നതിന് കേരളത്തിന്റെ കോണ്‍ഗ്രസിലെ നിലവിലെ ഏറ്റവും ശക്തനായ നേതാവ് ഉമ്മന്‍ ചാണ്ടിയെ മല്‍സരിപ്പിച്ചാല്‍ അത് അവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഒരു പ്രത്യേക സന്ദേശം വ്യാപിപ്പിക്കും എന്ന ചിന്തയാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവിടുന്നതിന് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്. ബി.ജെ.പിയുടെ ഏക നിയമസഭാ അംഗത്തെ തിരഞ്ഞെടുത്ത നേമത്ത് കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കുന്നത് ഒരു വലിയ ദൗത്യം ഏറ്റെടുക്കലാണ്. ബി.ജെ.പിയുടെ വര്‍ഗീയതയെ നേരിടുന്നതിനുള്ള കാല്‍വെയ്പ്പ്. അത്തരമൊരു കാല്‍വെയ്പ്പ് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടും എന്നുള്ളതില്‍ സംശയമില്ല. ആ ഒരു സന്ദേശം കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിലപ്പോവും എന്നതിലും സംശയമില്ല. എന്നാല്‍ ഈ വാര്‍ത്ത പുറത്തു വന്നതിന് ശേഷം അതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് നേതൃത്വത്തിന് കാര്യമായി ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരും നേമം സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും അദ്ദേഹവും പിന്മാറുകയാണ് ഉണ്ടായത്.  

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ അവസാന ഘട്ടങ്ങളിലേക്ക് എത്തിയപ്പോള്‍ പുതുപ്പള്ളി വിട്ട് മറ്റെവിടെയും മല്‍സരിക്കില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് ഉമ്മന്‍ചാണ്ടി രംഗത്തെത്തി. ഉമ്മന്‍ചാണ്ടിയെ മറ്റെവിടേക്കും വിട്ടുകൊടുക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള അണികളുടെ പ്രകടനം കൂടി ആയപ്പോള്‍ അക്കാര്യത്തില്‍ ഏകദേശം തീരുമാനമായി. നേമത്ത് ബി.ജെ.പിയെ നേരിടുന്നതിന് അതിശക്തനായൊരു സ്ഥാനാര്‍ത്ഥി വേണമെന്ന ചിന്ത ഒരുവേള ശശി തരൂര്‍ എം.പിയുടെ പേരിലേക്കും കേന്ദ്ര നേതൃത്വത്തെ നയിച്ചു. 81 പേരുടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായപ്പോള്‍ പോലും നേമത്തെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ സാധിക്കാതെ പോയി. ഇതിനിടക്കാണ് കെ മുരളീധരന്റെ പേര് ഉയര്‍ന്നു കേട്ടത്. അദ്ദേഹം തുടക്കത്തില്‍ തന്നെ അതിന് സന്നദ്ധത അറിയിക്കുകയും ചെയ്തു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരണമെന്ന് അദ്ദേഹത്തിന് ആഗ്രഹം ഉണ്ട്. അടുത്ത മന്ത്രിസഭ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് മുന്നണിയാണ് രൂപീകരിക്കുന്നതില്‍ അതിലൂടെ ലഭിക്കാന്‍ പോകുന്ന മന്ത്രിപദം തന്നെയാണ് ആ ആഗ്രഹത്തിന് പിന്നില്‍. എന്നാല്‍ നേമത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നീണ്ടുപോയപ്പോള്‍ മുരളീധരന്‍ നേമത്ത് മല്‍സരിക്കാനില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മാത്രവുമല്ല അദ്ദേഹം ചില പരിഭവങ്ങള്‍ പരസ്യമാക്കുകയും ചെയ്തു. അനിശ്ചിതത്വം തുടരുന്നതിനിടയില്‍ കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായി വരികയാണ്. 

നേമത്ത് മല്‍സരിക്കുമ്പോള്‍ തീര്‍ച്ചയായും എം.പി സ്ഥാനം രാജിവെക്കേണ്ടതുണ്ട്. എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാല്‍ മാത്രം ചിന്തിക്കാവുന്ന ഒരു വിഷയമാണത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരിതാപകരമായ അവസ്ഥയിലാണ് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തെത്തിയത്. ഏറ്റവും ഒടുവിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും അതേ സ്ഥാനം തന്നെയാണ് കോണ്‍ഗ്രസ് നിലനിര്‍ത്തിയത്. ഇത്തരമൊരു സാഹചര്യത്തിലാണ് നേമത്തേക്ക് ബി.ജെ.പിയെ നേരിടാന്‍ കെ മുരളീധരന്‍ എത്തുന്നത്. അതിലൂടെ കോണ്‍ഗ്രസ് നേതൃത്വം പറയാന്‍ ഉദ്ദേശിക്കുന്നത് ബി.ജെ.പിയുടെ വര്‍ഗീയതയ്‌ക്കെതിരെയുള്ള ശക്തമായ ഒരു പോരാട്ടം തന്നെയാണ്. 

നിലവില്‍ എം.പി ആയിട്ടുള്ള മുരളീധരന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും അദ്ദേഹത്തിന് നഷ്ടപ്പെടാന്‍ ഒന്നും തന്നെയില്ല. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെയോ രമേശ് ചെന്നിത്തലയുടേയോ അവസ്ഥ അതല്ല. ഈ തിരിച്ചറിവിലാണ് രണ്ട് നേതാക്കളും നേമത്തിന്റെ പ്രലോഭനത്തില്‍ നിന്ന് പിന്മാറിയത്. അതിലൂടെ ബി.ജെ.പിയുടെ വര്‍ഗീയതയ്‌ക്കെതിരെയുള്ള ആത്മാര്‍ത്ഥമായ പോരാട്ടമല്ല കോണ്‍ഗ്രസ് നടത്തുന്നത് എന്ന സന്ദേശമാണ് ന്യൂനപക്ഷങ്ങള്‍ക്കിടയിലേക്ക് എത്തുന്നത്. മറിച്ച് ന്യൂനപക്ഷങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണ് എന്നുള്ളത് കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ മനസ്സിലാവുന്നതാണ്. 

നേമത്ത് തങ്ങളുടെ സ്ഥാനാര്‍ത്ഥി ജയിക്കില്ല എന്ന കോണ്‍ഗ്രസിന്റെ ഉറച്ച പ്രഖ്യാപനം കൂടിയാണ് കെ മുരളീധരന്‍ അവിടെ സ്ഥാനാര്‍ത്ഥിയാകുന്നതിലൂടെ മനസ്സിലാകുന്നത്. തങ്ങള്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ നേമത്ത് നിര്‍ത്തി എന്ന് അവകാശപ്പെടാമെങ്കിലും ആ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാല്‍ അത് അദ്ദേഹത്തിന് തെല്ലും നഷ്ടം ഉണ്ടാക്കുന്നില്ല എന്നുള്ളിടത്താണ് ന്യൂനപക്ഷങ്ങുടെ കണ്ണില്‍പ്പൊടിയിടാനുള്ള സൂത്രപ്പണിയാണ് ഇതെന്ന് ചിത്രീകരിക്കപ്പെടുന്നത്. കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം സൂചിപ്പിക്കുന്നത് ബി.ജെ.പിയുടെ വര്‍ഗീയതയ്‌ക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടം തീര്‍ത്തും ദുര്‍ബലമാണ് എന്നുള്ളതാണ്. ഇത് സ്വാഭാവികമായിട്ടും തിരഞ്ഞെടുപ്പ് വേളയില്‍ സി.പി.എം ഉപയോഗിക്കും എന്നുള്ളതില്‍ ഒരു സംശയവുമില്ല. അതിന് ഉചിതമായ മറുപടി നല്‍കുവാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയുകയുമില്ല എന്നത് വാസ്തവമാണ്. ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ ധൈര്യപൂര്‍വം ഈ മണ്ഡലത്തിലേക്ക് മല്‍സരിക്കാന്‍ കടന്നു വന്നിരുന്നുവെങ്കില്‍ കേരളത്തിന്റെ തിരഞ്ഞെടുപ്പിന്റെ കേന്ദ്രബിന്ദു നേമമായി മാറുമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ദൗര്‍ബല്യത്തെ ഉയര്‍ത്തിക്കാട്ടുന്നതിനുള്ള മണ്ഡലമായി നേമത്തേയും ദൗര്‍ബല്യത്തിന്റെ മുഖമായി മുരളീധരനെയും മറ്റ് മുന്നണികള്‍ ഉയര്‍ത്തിക്കാട്ടുമെന്നതില്‍ സംശയമില്ല.