Skip to main content

കൊവിഡ് മഹാമാരിയുടെ പ്രതിസന്ധികള്‍ക്കിടയിലും പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 100 രൂപയിലേക്ക് കുതിച്ചുയരുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ ട്രോളുകളുടെ പെരുമഴയാണ്. രാജ്യത്ത് തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവില വര്‍ധിച്ചിരിക്കുകയാണ്. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോളിന് 89.78 രൂപയും ഡീസലിന് 84.40  രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 91.50  രൂപയിലെത്തി. ഡീസല്‍ 85.98 രൂപയായി. ഫെബ്രുവരി ഒന്നിന് ശേഷം മാത്രം പെട്രോളിന് 3.20 രൂപയാണ് വര്‍ധിച്ചത്. ഡീസലിന് 3.60 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്. ലോക്ഡൗണിനു ശേഷം പെട്രോളിനും ഡീസലിനും 18 രൂപയോളം കൂടിയിട്ടുണ്ട്.

അന്‍പതു രൂപയ്ക്കു പെട്രോള്‍ വില്‍ക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിനു കഴിയും എന്ന് 2017 സെപ്റ്റംബറില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നടത്തിയ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്നത്. സുരേന്ദ്രന്റെ നാവ് പൊന്നാണ്. 50 രൂപയ്ക്ക് പെട്രോള്‍ ഏതാണ്ട് ശരിയായിട്ടുണ്ട്. അരലീറ്റര്‍ 50 രൂപയ്ക്ക് ഉറപ്പായിട്ടുണ്ട് എന്നാണ് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ സമുഹമാധ്യമത്തില്‍ കുറിച്ചത്. പെട്രോള്‍ വില ലീറ്ററിന് 60 രൂപയായിരുന്നപ്പോള്‍ പ്രതിഷേധിച്ച ബിജെപി നേതാവ് സ്മൃതി ഇറാനി വില 90ല്‍ എത്തിയപ്പോള്‍ 'കേള്‍ക്കുന്നില്ല' എന്നു പറയുന്നതും ട്രോളന്മാര്‍ ആഘോഷമാക്കുന്നു. യു.പി.എ ഭരണകാലത്ത് വാഹനവും ഉന്തി സമരം നയിക്കുന്ന ബിജെപി നേതാക്കളുടെ ചിത്രവും ട്രോളുകളില്‍ നിറയുന്നുണ്ട്.