Skip to main content

സംസ്ഥാനത്ത് കെ ഫോണ്‍ പദ്ധതിയ്ക്ക് തുടക്കമായിരിക്കുന്നു. കേരളത്തിന്റെ എല്ലായിടത്തും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ് കെ ഫോണ്‍ അഥവാ കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക്. ഇതിന്റെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിച്ചത്. ഈ സാഹചര്യത്തില്‍ എന്താണ് കെ ഫോണെന്നും എങ്ങനെയാണ്  പ്രവര്‍ത്തനമെന്നും ആര്‍ക്കൊക്കെയാണ് ഗുണം കിട്ടുക എന്നും നോക്കാം. നിലവില്‍ നഗരമേഖലയില്‍ മാത്രമുള്ള ഫൈബര്‍ കണക്റ്റിവിറ്റി നാട്ടിന്‍പുറത്തേക്ക് വരെ എത്തിക്കാനായി സര്‍ക്കാര്‍ ഒരുക്കുന്ന ശൃംഖലയാണ് കെ ഫോണ്‍. ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തിലൂടനീളം സര്‍ക്കാര്‍ സ്ഥാപിക്കുന്ന അതിവിപുലമായ ഫൈബര്‍ ശൃഖല. ഇത് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും ആളുകളില്‍ സംശയം വരാം നിലവില്‍ പല സ്വകാര്യസേവനദാതാക്കളും ഈ സംവിധാനം നടപ്പിലാക്കി വരികയാണല്ലോ, പിന്നെ എന്തിനാണ് സര്‍ക്കാര്‍ ഇത് ചെയ്യുന്നത് എന്ന്. ഒരു സ്വകാര്യ സേവനദാതാവിന് മൂന്ന് വഴികളിലൂടെയാണ് കേബിള്‍ വലിക്കാന്‍ സാധിക്കുക. കെ.എസ്.ഇ.ബിയുടെ പോസ്റ്റുകള്‍ വാടകയ്ക്ക് എടുക്കുക, പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വാങ്ങി സ്വന്തമായി പോസ്റ്റുകള്‍ സ്ഥാപിക്കുക, അല്ലെങ്കില്‍ മണ്ണിനടിയിലൂടെ കേബിളിടുക. ഈ രീതികള്‍ ശ്രമകരവും ചിലവേറിയതുമാതു കൊണ്ടാണ് നഗര കേന്ദ്രീകൃതമായി മാത്രം ഫൈബര്‍ കണക്ടിവിറ്റി പരിമിതപ്പെടുന്നത്. അതേ സമയം സര്‍ക്കാര്‍ കേബിള്‍ വലിക്കുകയാണെങ്കില്‍, സ്വകാര്യ സേവനദാതാക്കള്‍ക്ക് ഈ സംവിധാനം ഉപയോഗിച്ച് കേരളത്തില്‍ എവിടെയും തങ്ങളുടെ സേവനം ലഭ്യമാക്കാന്‍ കഴിയും. സര്‍ക്കാരിന് ഇതുവഴി വാടക കിട്ടുകയും ചെയ്യും. 

ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിനാണ് ഇന്ന് തുടക്കമായിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ആയിരം സര്‍ക്കാര്‍ ഓഫീസുകള്‍ക്കാകും ആദ്യ ഘട്ടത്തില്‍ സേവനം ലഭിക്കുക. വരുന്ന ജൂലൈയോടെ പ്രവര്‍ത്തനം സംസ്ഥാന വ്യാപകമാക്കാനാണ് നീക്കം. ഓഫീസുകള്‍ക്കും സ്‌കൂളുകള്‍ക്കും കെ ഫോണ്‍ നേരിട്ട് ഇന്റര്‍നെറ്റ് സേവനം നല്‍കുമെങ്കിലും വീടുകള്‍ക്ക് നല്‍കില്ല. കെ ഫോണിന്റെ പ്രധാന ഫൈബര്‍ ഒപ്റ്റിക്സ് ശ്യംഖലയില്‍ നിന്ന് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ അടക്കമുളള പ്രദേശിയ ശ്യംഖലകള്‍ക്ക് നിശ്ചിത തുക നല്‍കി വിതരാണാവകാശം നേടാം. ഈ പ്രാദേശിക വിതരണ ശ്യംഖലകളാകും ഇന്റര്‍നെറ്റ് സേവനം വീടുകളില്‍ എത്തിക്കുക. വീടുകളില്‍ നിന്ന് എത്ര തുക ഈടാക്കണമെന്ന് ഈ പ്രാദേശിക വിതരണ ശ്യംഖലകള്‍ക്ക് തീരുമാനിക്കാം. പാവപ്പെട്ട 20 ലക്ഷം കടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് എത്തിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി കെ ഫോണ്‍ ശൃംഖല ഉപയോഗിക്കുന്നതിനു സേവനദാതാവ് നല്‍കുന്ന വാടകയില്‍ നിന്നു സൗജന്യ കണക്ഷനുകളുടെ തുക ഇളവ് ചെയ്യുന്ന രീതിയാണ് പരിഗണനയിലുള്ളത്. മറ്റൊരു കാര്യം, കെ ഫോണിനെ ഒരിക്കലും ജിയോയുമായോ മറ്റ് സേവനദാതാക്കളുമായോ താരതമ്യം ചെയ്യാന്‍ കഴിയില്ല. കാരണം ഒരു ഒപ്ടികല്‍ ഫൈബര്‍ ശൃംഖല മാത്രമാണ് കെ ഫോണ്‍. അല്ലാതെ സേനവദാതാവല്ല. അത്തരത്തിലുള്ള പ്രചാരണങ്ങള്‍ തെറ്റാണ്. കെ.എസ്.ഇ.ബിയും കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ചേര്‍ന്ന് തുല്യ ഓഹരി പങ്കാളിത്തത്തോടെ രൂപീകരിച്ച കമ്പനിയാണ് കെ ഫോണിന്റെ നടത്തിപ്പുകാര്‍.