Skip to main content

സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി ഉള്‍പ്പെടെ ഉള്ളവ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരിക്കുന്നു. ഈ ഓണ്‍ലൈന്‍ ചൂതാട്ടത്തെ തങ്ങളുടെ പത്രങ്ങളുടെ പ്രചാരത്തിന് അനുസരിച്ച് കൂടുതല്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു കേരളത്തിലെ മുഖ്യധാരാ മലയാള ദിനപത്രങ്ങള്‍ എല്ലാം തന്നെ. ഓണ്‍ലൈന്‍ റമ്മിയുടെ ജാക്കറ്റ് പരസ്യവുമായിട്ടാണ് കഴിഞ്ഞ ഒരാഴ്ച മുമ്പ് കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ പത്രങ്ങളും ഇറങ്ങിയത്. 

പരസ്യത്തിലൂടെ വരുമാനം കിട്ടുന്നു എന്ന ഒറ്റ മാനദണ്ഡം മാത്രമാണ് ആ പരസ്യം സ്വീകരിക്കുന്നതിന് മുഖ്യധാരാ മാധ്യമ സ്ഥാപനങ്ങളെ പ്രേരിപ്പിച്ചത്. ചൂതാട്ടത്തില്‍ ഏര്‍പ്പെടുന്ന വ്യക്തികളുടെ മാനസ്സിക നിലയേക്കാള്‍ വളരെ താഴ്ന്ന അവസ്ഥയാണ് പത്ര മാനേജ്‌മെന്റിന്റേതെന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. എല്ലാ പത്രങ്ങളും തങ്ങളുടെ നിലപാട് ജനായത്ത സംവിധാനത്തെ പ്രോല്‍സാഹിപ്പിക്കുന്നതും, മനുഷ്യാവകാശങ്ങള്‍, സംസ്‌കാരം, മൂല്യങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതുമൊക്കെയാണ് എന്നാണ് അവര്‍ തന്നെ പറയാറുള്ളത്. എന്നാല്‍ കേരള പത്രപ്രവര്‍ത്തന ചരിത്രത്തിലെ ഒരുപക്ഷെ ഏറ്റവും കറുത്ത അധ്യായം ആയിട്ട് വേണം ഈ പരസ്യങ്ങള്‍ കൊടുത്ത പത്രങ്ങളുടെ നിലപാടിനെ കാണേണ്ടത്.