Skip to main content

ഏറ്റവും ഒടുവിലത്തെ സി.പി.എം തമാശ എന്ന് പറയുന്നത് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്റെ പ്രസ്ഥാവനയാണ്. അദ്ദേഹം പറഞ്ഞിരിക്കുന്നത് ഇന്ത്യന്‍ സമൂഹത്തില്‍ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രായോഗികമല്ല. അതില്‍ പ്രധാനപ്പെട്ട കാരണമായി അദ്ദേഹം കണ്ടെത്തിയിരിക്കുന്നത് 1798-ലെ ഫ്രഞ്ച് വിപ്ലവത്തെ തുടര്‍ന്ന് രൂപം കൊണ്ട ബൂര്‍ഷ്വ ജനാധിപത്യത്തിലേക്കുപോലും ഇന്ത്യന്‍ സമൂഹം വളര്‍ന്നിട്ടില്ല എന്നതാണ്. ജനാധിപത്യവിപ്ലവം നടക്കാത്ത രാജ്യമാണ് ഇന്ത്യ. ഭൂപ്രഭുത്വം അവസാനിക്കാത്ത രാജ്യമാണ് ഇക്കാരണങ്ങള്‍ക്കൊണ്ടാണ് വൈരുദ്ധ്യാത്മക ഭൗതിക വാദം പ്രായോഗികമല്ലാത്തത് എന്നാണ് അദ്ദേഹം പറയുന്നത്. ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ടിനോട് അടുക്കാറായപ്പോഴാണ് ഗോവിന്ദന്‍ മാസ്റ്റര്‍ ഈ അബദ്ധം കണ്ടത്. 

ലോകത്തില്‍ തെറ്റുകള്‍ ശരിയാണെന്ന് വിശ്വസിച്ച് ചെയ്യുകയും ദശാബ്ദങ്ങള്‍ കഴിഞ്ഞ് അത് തെറ്റ് എന്ന് സമ്മതിക്കുകയും ആ തെറ്റ് സമ്മതിക്കുന്നതാണ് നേട്ടമെന്ന് ഉദ്‌ഘോഷിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനം കേരളത്തില്‍ സി.പി.എം അല്ലാതെ മറ്റൊന്നും ഉണ്ടാവില്ല. ബൂര്‍ഷ്വ ജനാധിപത്യത്തിന് പോലും വിലയില്ലാത്തതു കൊണ്ടാണ് ഇന്ത്യയില്‍ ഹിന്ദു രാഷ്ട്രം എന്ന വാക്ക് ഉയരുന്നത്. ഹിന്ദുവോ ക്രിസ്ത്യാനിയോ പാഴ്‌സിയോ ആരുമായിക്കോട്ടെ അതിന്റെ വലിയൊരു വിഭാഗം വിശ്വാസികളാണ്. വിശ്വാസത്തെയും അതിന്റെ അടിസ്ഥാനമായ ദൈവത്തേയും തള്ളിപ്പറഞ്ഞ് വൈരുധ്യാത്മക ഭൗതികവാദമെന്ന ദാര്‍ശനിക പ്രപഞ്ചത്തെ മുന്നില്‍ നിര്‍ത്തി ഇന്നത്തെ ഫ്യൂഡല്‍ പശ്ചാത്തലത്തില്‍ മുന്നോട്ടു പോകാനാകുമെന്ന് കരുതുന്നത് തെറ്റാണ്. ഈ തെറ്റാണ് കേരളത്തില്‍ 1940കള്‍ മുതല്‍ സി.പി.എം നടപ്പിലാക്കിക്കൊണ്ടിരുന്നത്. ഈ കണക്കുകളുടെ പേരില്‍ കേരളത്തില്‍ ഒഴുക്കിയ ചോരയുടെ കണക്് ഗോവിന്ദന്‍ മാസ്റ്റര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ഇതിനെ ഫലിതമെന്ന് മാത്രം പറഞ്ഞ് ഒതുക്കാന്‍ സാധിക്കുന്നതല്ല. ചരിത്ര ഫലിതമെന്ന് വിശേഷിപ്പിക്കുന്നതാവും കടുതല്‍ നന്ന്.