Skip to main content

മുലപ്പാല്‍ കുടിക്കാന്‍ അവസരമില്ലാതെ വരുന്ന നവജാതശിശുക്കള്‍ക്ക് മുലപ്പാല്‍ ലഭ്യമാക്കുന്ന സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ വെള്ളിയാഴ്ച എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്തു. അമ്മമാര്‍ മരിച്ചു പോയതോ, ഏതെങ്കിലും രോഗകാരണങ്ങളാല്‍ അമ്മമാര്‍ക്ക് മുലയൂട്ടാന്‍ കഴിയാതെ വരുന്നതോ, അനാഥമായി എത്തിപ്പെടുന്നതോ ആയ നവജാത ശിശുക്കള്‍ക്കാണ് മുലപ്പാല്‍ വേണ്ടി വരുന്നത്. ഇതിനെ മുലപ്പാല്‍ ബാങ്ക് എന്ന് വിശേഷിപ്പിക്കുന്നതിനേക്കാള്‍ യോഗ്യമായ പ്രയോഗം സ്തനാമൃത ബാങ്ക് എന്നുള്ളതാണ്. സ്തനാമൃത ബാങ്കിലേക്ക് പാല് നല്‍കുന്ന അമ്മമാര്‍ അജ്ഞാതരായ കുഞ്ഞുങ്ങളെ ഓര്‍ത്ത് നല്‍കുന്ന സ്തനാമൃതമാണ് അത്. വളരെ പവിത്രമായ ഒരു പ്രവര്‍ത്തിയായി വേണം അതിനെ കാണാന്‍. 

തന്റെ മുലപ്പാലില്‍ ഒരംശം മറ്റുള്ള കുട്ടികള്‍ക്കു വേണ്ടി കൊടുക്കുന്നതിന് മുന്നോട്ടു വരുന്ന അമ്മമാര്‍ പൂജനീയരാണ് എന്നതില്‍ സംശയമില്ല. അവരുടെ പ്രവര്‍ത്തിയിലൂടെ യഥാര്‍ത്ഥത്തില്‍ വിവിധ കാരണങ്ങള്‍ കൊണ്ട് അമ്മമാരുടെ പാല് കുടിക്കാന്‍ കഴിയാതെ വരുന്ന കുട്ടികള്‍ക്ക് സ്തനാമൃതം നുണയാനുള്ള അവസരം ഉണ്ടാവുകയാണ്. മാതൃത്വത്തിന്റെ രുചി ഈ കുഞ്ഞുങ്ങള്‍ക്ക് അറിയാന്‍ കഴിയുന്നു. ഒട്ടേറെ അശുദ്ധ വാര്‍ത്തകള്‍ക്ക് നടുവില്‍ ഇത്തരത്തിലൊരു സംരംഭം നമ്മളുടെ നാട്ടില്‍ ഉണ്ടായി എന്നുള്ളത് വളരെ വലിയ കാര്യം തന്നെയാണ്.