Skip to main content

കേരള മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു തിരുവനന്തപുരത്ത് മകന്റെ പരാതിയില്‍ അമ്മ പോക്‌സോ കേസില്‍ അറസ്റ്റിലായ സംഭവം. അതിന്റെ യാഥാര്‍ത്ഥ്യം മറ്റൊന്നാണ് എന്ന തലത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. പിതാവിനെതിരെ വെളിപ്പെടുത്തലുമായി ഇളയ മകന്‍ രംഗത്തെത്തിയതോടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടായിരിക്കുന്നത്. അമ്മയ്‌ക്കെതിരെയുള്ള മൊഴി അച്ഛന്‍ സഹോദരനെ മര്‍ദിച്ച് പറയിച്ചതാണെന്നും കേസില്‍ കുടുക്കുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമാണ് ഇളയ മകന്റെ മൊഴി. വിവാഹ ബന്ധം വേര്‍പെടുത്താതെ യുവതിയുടെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിക്കാന്‍ ശ്രമിച്ചു. ഇതിന്റെ പേരിലുണ്ടായ സംഭവങ്ങളാണ് ഇതിനെല്ലാം കാരണമായത് എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. 

ഈ കുട്ടി പറഞ്ഞത് പോലെ അവരുടെ പിതാവ് മകനെ മര്‍ദിച്ചാണ് ഇത്തരത്തിലൊരു പരാതി കൊടുത്തത് എങ്കില്‍ പോക്‌സോ കേസിനേക്കാള്‍ പതിന്മടങ്ങ് പ്രഹര ശേഷി ഉള്ളതാണ് അയാള്‍ ചെയ്ത കുറ്റകൃത്യം. കേരള സമൂഹത്തിന്റെ പോക്ക് എങ്ങോട്ട് എന്ന് നാം ആലോചിക്കേണ്ടിയിരിക്കുന്നു. സ്വന്തം മകനെ കൊണ്ട് അമ്മയ്‌ക്കെതിരെ ഒരു പീഡന കുറ്റം ആരോപിക്കുകയും കേസാക്കുകയും അതുപയോഗിച്ച് നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യണം എന്ന് ആഗ്രഹിക്കുന്ന തലത്തിലേക്ക് ഒരു വ്യക്തി അധഃപതിക്കുന്നത് ഒരു നിസ്സാര കാര്യമായി കാണാന്‍ സാധിക്കില്ല. ഇതാണ് സംഭവത്തിന്റെ പിന്നിലെ സത്യാവസ്ഥയെങ്കില്‍ അയാള്‍ക്കെതിരെ നിയമനടപടി ഉണ്ടാവേണ്ടത് അനിവാര്യമാണ്. 

14കാരനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. മകന്റെ പരാതിയില്‍ അമ്മയ്ക്കെതിരെ പോക്സോ കേസെടുത്ത് റിമാന്‍ഡ് ചെയ്തിരുന്നു.