Skip to main content

കേരളം കൊവിഡ് വാക്‌സിനേഷന് സജ്ജമായിക്കഴിഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 3,51,457 പേരാണ് കൊവിഡ് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തത്. ആരോഗ്യവകുപ്പിന് ലഭിച്ച 100 ശതമാനം പേരുടെയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. സര്‍ക്കാര്‍ മേഖലയിലെ 1,67,084 പേരും സ്വകാര്യ മേഖലയിലെ 1,84,373 പേരുമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതുകൂടാതെ സാമൂഹ്യസുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിലെ 400ഓളം ജീവനക്കാരുടെയും കനിവ് 108 ആംബുലന്‍സിലെ 1344 ജീവനക്കാരുടെയും രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്. 

ലാര്‍ജ് ഐ.എല്‍.ആര്‍. 20, വാസ്‌കിന്‍ കാരിയര്‍ 1800, കോള്‍ഡ് ബോക്സ് വലുത് 50, കോള്‍ഡ് ബോക്സ് ചെറുത് 50, ഐസ് പായ്ക്ക് 12,000, ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന 14 ലക്ഷം ഓട്ടോ ഡിസേബിള്‍ ഡിസ്പോസബിള്‍ സിറിഞ്ചുകള്‍ എന്നിവ സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇവ ജില്ലാടിസ്ഥാനത്തില്‍ വിതരണം ചെയ്തുവരുകയാണ്. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശ വര്‍ക്കര്‍മാര്‍, ഐ.സി.ഡി.എസ്. അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളില്‍നാളെ ഡ്രൈ റണ്‍ നടക്കും.