Skip to main content

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. കേസിലെ നാല് പ്രതികളെ വെറുതെവിട്ടുള്ള വിചാരണകോടതി ഉത്തരവാണ് റദ്ദാക്കിയത്. കേസില്‍ പുനര്‍വിചാരണയ്ക്ക് കോടതി ഉത്തരവിട്ടു. ഹൈക്കോടതി വിധിയില്‍ പോലീസിനും പ്രോസിക്യൂട്ടര്‍ക്കും വിചാരണ കോടതിക്കും ജഡ്ജിക്കും വിമര്‍ശനം. കേസന്വേഷണത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് അപ്പീലിന്മേലുള്ള വാദത്തിനിടെ സര്‍ക്കാര്‍ തുറന്നു സമ്മതിച്ചിരുന്നു. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും പെണ്‍കുട്ടികളുടെ മാതാപിതാക്കളും നല്‍കിയ അപ്പീല്‍ ഹര്‍ജികളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. 

പോക്സോ കോടതികളിലെ ജഡ്ജിമാര്‍ക്ക് മുന്‍പുണ്ടായത് പോലുള്ള പിശകുകള്‍ ഇല്ലാതിരിക്കാന്‍ ആവശ്യമായ പരിശീലനം കേരള ജുഡീഷ്യല്‍ അക്കാദമിയിലെ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രോസിക്യൂട്ടര്‍മാര്‍ക്ക് വീഴ്ചകള്‍ സംഭവിക്കാതിരിക്കാന്‍ ചീഫ് സെക്രട്ടറിക്കും നിര്‍ദേശം നല്‍കി. പ്രതികളോട് ജനുവരി 20-ന് കോടതിയില്‍ ഹാജരാകാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ ഏജന്‍സി കീഴ്ക്കോടതിയില്‍ തുടര്‍ അന്വേഷണത്തിന് ആവശ്യപ്പെടുകയാണെങ്കില്‍ അനുമതി നല്‍കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടാല്‍ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കാനും പുതിയ സാക്ഷികളെ വെക്കാനും അധികാരമുണ്ടായിരിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.

2017 ജനുവരി 13നും, മാര്‍ച്ച് 4നുമാണ് 13 ഉം 9 ഉം വയസ്സുള്ള കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളുടെ പീഡനം സഹിക്കാനാവാതെയാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. 2019 ഡിസംബറില്‍ ആണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. 

വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ഒക്ടോബറിലാണ് കീഴ്‌ക്കോടതി പ്രതികളായ വി മധു, ഷിബു, എം മധു, പ്രദീപ് എന്നിവരെ പാലക്കാട് പോക്‌സോ കോടതി  വെറുതെ വിട്ടത്..