എന്‍.സി.പിയും ജോസ് കെ മാണിയും തമ്മില്‍ പാലാ സീറ്റില്‍ തര്‍ക്കം തുടരുകയാണ്. തങ്ങളുടെ സിറ്റിങ് സീറ്റായ പാലാ വിട്ട് കൊടുക്കില്ലെന്ന് എന്‍.സി.പിയിലെ മാണി സി കാപ്പനും മാണി സി കാപ്പനെ അനുകൂലിക്കുന്നവരും പറഞ്ഞുകൊണ്ടിരിക്കുന്നു. ദീര്‍ഘകാലം കെ.എം മാണിയോട് മല്‍സരിച്ച് ഒടുവില്‍ ഉപതിരഞ്ഞെടുപ്പ് വന്നപ്പോള്‍ താനാണ് ജയിച്ചതെന്നും അതുകൊണ്ട് തന്നെ സീറ്റ് വിട്ടു കൊടുക്കില്ലെന്നുമുള്ള നിലപാടില്‍ മാണി സി കാപ്പന്‍ ഉറച്ചു നില്‍ക്കുകയാണ്. അതിനാല്‍ തന്നെ എന്‍.സി.പി പിളര്‍പ്പിലേക്ക് പോകുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമാണ്. ജോസ് കെ മാണിയും പാലാ വിട്ട് കൊടുക്കില്ല എന്ന നിലപാടില്‍ തന്നെ തുടരുകയാണ്. ഇതിനിടെയാണ് പി.സി ജോര്‍ജിന്റെ ചില പ്രസ്താവനകളും പ്രഖ്യാപനങ്ങളും ശ്രദ്ധേയമാകുന്നത്.
പി.സി ജോര്‍ജ് ഇത്തവണ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ മല്‍സരിക്കില്ല എന്ന കാര്യം ഉറപ്പാണ്. ഒരിക്കല്‍ മല്‍സരിച്ച ഇടത്ത് വീണ്ടും മല്‍സരിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത് എങ്കിലും അവിടെ ഇനി ഒരു ജയം എളുപ്പമാകില്ല എന്ന ഒരു വിലയിരുത്തല്‍ ഒരുപക്ഷെ അദ്ദേഹത്തിനുണ്ടാവാം. ഇതേ തുടര്‍ന്നാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് അദ്ദേഹം എത്തിയത് എന്ന സൂചനയുമുണ്ട്. പൂഞ്ഞാറില്ലെങ്കില്‍ പി.സി ജോര്‍ജ് എവിടെ മല്‍സരിക്കും എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. പി.സി ജോര്‍ജിന്റെ പ്രഖ്യാപനങ്ങളും പ്രതികരണങ്ങളും വിലയിരുത്തുമ്പോള്‍ മനസ്സിലാവുന്നത് പി.സി ജോര്‍ജ് പാലായില്‍ ഉന്നമിടുന്നു എന്നതാണ്. പാലായും പൂഞ്ഞാറും ഉള്‍പ്പെടെ 5 മണ്ഡലങ്ങളില്‍ മല്‍സരിക്കുമെന്നാണ് പി.സി ജോര്‍ജ് പറഞ്ഞിട്ടുണ്ട്. യു.ഡി.എഫില്‍ നിന്ന് തനിക്ക് അനുകൂലമായ ഒരു തീരുമാനം ഉണ്ടാവണം എന്ന തന്ത്രമായിരിക്കാം ഇത്തരം ഒരു പ്രസ്താവനയിലൂടെ പി.സി ജോര്‍ജ് ഉദ്ദേശിക്കുന്നത്.
പി.സി ജോര്‍ജിന്റെ പ്രസ്താവനകളോട് അനുകൂലമായോ പ്രതികൂലമായോ ഉള്ള പ്രതികരണങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. യു.ഡി.എഫിനെ പരസ്യമായി പിന്തുണച്ച് പി.സി ജോര്‍ജ് രംഗത്തെത്തിയെങ്കിലും അതിനെ സ്വാഗതം ചെയ്യുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ യു.ഡി.എഫിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. കേരള കോണ്‍ഗ്രസിലെ പി.ജെ ജോസഫ് വിഭാഗം മാണി സി കാപ്പനെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് യു.ഡി.എഫിലേക്ക് ക്ഷണിക്കുന്നുണ്ട്. കാപ്പന്‍ പാലായിലെ ഉചിതമായ സ്ഥാനാര്‍ത്ഥിയാണെന്ന് പി.ജെ ജോസഫ് പറയുകയും ചെയ്തിരുന്നു.
നിലവില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ വെച്ച് നോക്കുകയാണെങ്കില്‍ മാണി സി കാപ്പനും പി.സി ജോര്‍ജും പാലാ സീറ്റിനെ ലക്ഷ്യം വെച്ച് യു.ഡി.എഫിലേക്ക് എത്തി സീറ്റ് വാങ്ങാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇത് പ്രത്യക്ഷത്തില്‍ എല്‍.ഡി.എഫിലാണ് അസ്വാരസ്യം എന്ന് തോന്നുന്നുണ്ടെങ്കില്‍ പോലും ഭാവിയില്‍ ഈ തീരുമാനം യു.ഡി.എഫിന് ആയിരിക്കും തലവേദനയാവാന്‍ പോകുന്നത് എന്നതാണ് ഇവിടെ വ്യക്തമാകുന്നത്. ഇത് എത്തരത്തില്‍ പരിഹരിക്കപ്പെടും എന്നത് കാത്തിരുന്ന് കാണണം.