Skip to main content

പാലക്കാട് നടന്ന ദുരഭിമാന കൊലപാതകം കേരളത്തില്‍ ഫ്യൂഡല്‍ ജാതി ബോധം നിലനില്‍ക്കുന്നുവെന്നതിന്റെ അപകട സൂചനയാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍. സ്വന്തം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള പെണ്‍കുട്ടികളുടെ അവകാശം നിയമംമൂലം സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. ദുരഭിമാനകൊലകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇടപെടേണ്ടത് പൗരന്റെ കടമയാണ്. ഇനിയും പെണ്‍മക്കളുടെ കണ്ണീര്‍ വീഴാതിരിക്കട്ടെയെന്നും മന്ത്രി കെ.കെ.ഷൈലജ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

കേരളത്തില്‍ വീണ്ടും ദുരഭിമാന കൊലപാതകം ഉണ്ടായിരിക്കുന്നു. ഉയര്‍ന്ന സാക്ഷരതയും സാമൂഹ്യ പുരോഗതിയും ഉണ്ടായിട്ടും ഫ്യൂഡല്‍ ജാതി ബോധം സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്ന അപകട സൂചനയാണിത്. നവേത്ഥാന നായകര്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ച മതേതര മാനവികതയും ജാതി വിവേചനത്തിനും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ പേരാട്ടവും സമൂഹജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയെങ്കിലും ഉത്തരേന്ത്യയിലൊക്കെ ഇപ്പോഴും നിലനില്ക്കുന്ന ഇരുട്ടിന്റെ ശക്തികള്‍ കേരളത്തിലും പിടിമുറുക്കാന്‍ ശ്രമിക്കുന്നുണ്ട്. പാലക്കാട്ടു നടന്ന സംഭവം അത്തരം ഇരുട്ടിന്റെ സൂചനയാണ്. കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ നല്‍കുന്നതിനോടൊപ്പം ജാതിക്കതീതമായ മനുഷ്യത്വവും സ്നേഹവും വളര്‍ത്തിയെടുക്കാന്‍ നാം നിരന്തരമായി പരിശ്രമിക്കണം. സ്വന്തം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള പെണ്‍കുട്ടികളുടെ അവകാശം നിയമം മൂലം പരിരക്ഷിതമാണ്.അവര്‍ക്ക് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് രക്ഷിതാക്കളുടെ ഉത്തരവാദിത്വം. വേര്‍പിരിക്കുന്നതിനൊ കൊന്നു കളയുന്നതിനൊ അവാകാശമില്ല. ദുരഭിമാനകൊലകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇടപെടേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമായി കാണണം. ഇനിയും പെണ്‍മക്കളുടെ കണ്ണീര്‍ വീഴാതിരിക്കട്ടെ.